കൊച്ചി: ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ കേസിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടി. പെരുമ്പാവൂർ എക്‌സൈസ് സി.ഐ സജി കുമാർ, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു.ആർ.ചന്ദ്ര, പ്രിവിന്റീവ് ഓഫീസർ പ്രതാപൻ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. മൂവരും എക്‌സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നേരിടുകയായിരുന്നു. സസ്‌പെഷൻ ഓർഡർ കൈമാറിയെന്നും മൂവരും നിലവിൽ സർവീസിലില്ലെന്നും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. അതേസമയം, സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നതായാണ് വിവരം.
കുന്നത്തുനാട് സർക്കിളിലെ 16 വിദേശമദ്യശാലകളിൽ നിന്ന് എക്‌സൈസ് അധികൃതർ മാസപ്പടി വാങ്ങിയ കേസിലാണ് നടപടി. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മാസപ്പടി വളരെ കൂടുതലായിരുന്നു. ഇത് ബാറുടമകൾക്ക് ചൊടിപ്പിച്ചു. തുടർന്ന് ഈ വിഷയം അസോസിയേഷൻ ഇടപെട്ട് സംസാരിച്ചിട്ടും തുക കുറയ്ക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഉടമകൾ വിജിലൻസിനും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ എക്‌സൈസ് അസോസിയേഷനെത്തന്നെ മദ്ധ്യസ്ഥരാക്കി തുക തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ നീക്കവും പുറത്ത് അറിഞ്ഞു. തുടർന്ന് ആരോപണം നേരിട്ട പെരുമ്പാവൂർ എക്‌സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം നടത്തി. പ്രിവന്റീവ് ഓഫിസർമാരും സിവിൽ എക്‌സൈസ് ഓഫിസർമാരുമായ 22 പേരെയാണ് അന്ന് സ്ഥലം മാറ്റിയത്. എന്നാൽ, അന്ന് ഇറങ്ങിയ ഉത്തരവിൽ എസ്.ഐ, സി.ഐ എന്നിവർക്കെതിരെ നടപടി ഉണ്ടായിരുന്നില്ല. വിജിലൻസ് ബാർ ഉടമകളുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കൂട്ട സ്ഥലംമാറ്റം.