വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷനിൽ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന കിഴക്കേ റോഡിൽ ടാറിംഗ് വെട്ടിപ്പൊളിച്ചതിന്റെയും ഓട പൊളിച്ചതിന്റെയും അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ പൊടിപ്പടലങ്ങൾ വ‌ർദ്ധിക്കുന്നതിനാൽ യാത്രക്കാരിൽ നിരവധി ആരോഗൃ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാൽനടയ്ക്കായുള്ള ഭാഗത്ത് കോൺക്രീറ്റ് അവശിഷ്ടങ്ങൾ കിടക്കുന്നതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡിലേക്ക് ഇറങ്ങി നടന്ന് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായി മാറുന്നു. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഈ അവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ ആവശ്യപ്പെട്ടു.