തിരുവനന്തപുരം: ഓണമായാൽ വേളി കായലിൽ സോളാർ ബോട്ടിൽകേറി പായാം!! വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉല്ലാസ ബോട്ട് വാങ്ങാനുള്ള തയാറെടുപ്പിലാണ് കെ.ടി.ഡി.സി. ഇതിനുള്ള ടെൻഡർ നടപടികൾ വൈകാതെ തുടങ്ങും. 80 ലക്ഷം രൂപ ചെലവിട്ടാകും സോളാർ ബോട്ട് വാങ്ങുക. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ വേളി ടൂറിസ്റ്റ് വില്ലേജ് അടച്ചിട്ടിരിക്കുകയാണ്. അത് കഴിഞ്ഞ് തുറക്കുമ്പോഴേക്കും സോളാർ ബോട്ട് വാങ്ങാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കും. 40 സീറ്റുകളുള്ള ആദ്യ സോളാർ പവർ പാസഞ്ചർ ബോട്ടാണ് വാങ്ങുന്നത്.
നിലവിൽ എട്ട് ബോട്ടുകളാണ് വേളി ടൂറിസ്റ്റ് വില്ലേജിലുള്ളത്. അതിൽ രണ്ടെണ്ണം സ്‌പീഡ് ബോട്ടുകളും മൂന്നെണ്ണം കട്ടമരങ്ങളും മൂന്നെണ്ണം സഫാരി ബോട്ടുകളുമാണ്. സോളാർ പവർ ബോട്ടിന്റെ രൂപകൽപ്പനയ്ക്ക് അന്തിമ രൂപം നൽകിയതായി അധികൃതർ 'ഫ്ളാഷി'നോട് പറഞ്ഞു. ബോട്ട് വാങ്ങാനുള്ള ഭരണപരമായ അനുമതി വളരെക്കാലം മുമ്പുതന്നെ ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾകാരണം നീണ്ടുപോകുകയായിരുന്നു.
സോളാർ ബോട്ട്, പ്രത്യേകതകൾ
പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും സോളാർ പവർ പാസഞ്ചർ ബോട്ട് വഴി സാധിക്കും.
സാധാരണ ബോട്ടുകൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ ഭീഷണി സോളാർ ബോട്ട് ഉപയോഗിച്ചാൽ കാണില്ല.
20 കിലോ വാട്ട് സോളാർ പാനലുകളാകും ബോട്ടിൽ സ്ഥാപിക്കുക.
700 കിലോ ഭാരവും 50 കിലോ വാട്ട് ശേഷിയുമുള്ള ലിഥിയം ബാറ്ററികൾ ആയിരിക്കും ബോട്ടിൽ ഉപയോഗിക്കുക.
ബോട്ടിന്റെ പ്രവർത്തനത്തിന് ആവശ്യമായ പവർ ശരാശരി 20 കിലോ വാട്ട് ആയിരിക്കും.
ഡീസൽ മോട്ടോറുകളെ അപേക്ഷിച്ച് ഇലക്ട്രിക് മോട്ടോറുകൾ കൂടുതൽ പ്രവത്തനക്ഷമമാണ്.