പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്നു കേട്ടിട്ടേയുള്ളൂ. ഇന്ധനവിലയുടെ കാര്യത്തിൽ അതാണ് നടക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില നേർപകുതിയായി ഇടിഞ്ഞു നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ തീരുവ വർദ്ധിപ്പിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നത്. ക്രൂഡ് വില കുത്തനേ ഇടിഞ്ഞ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാകുമെന്നു കരുതി ജനങ്ങൾ സന്തോഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അവരെ ഇളിഭ്യരാക്കി അപ്രതീക്ഷിതമായി ഇന്നലെ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും വിധം എക്സൈസ് തീരുവ ഉയർത്തിയത്. ക്രൂഡ് വില ഇടിഞ്ഞതിൽ നിന്നുണ്ടാകാവുന്ന ആനുകൂല്യം ഇതോടെ ഇല്ലാതാവുകയും ചെയ്തു.
കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച വൻ സാമ്പത്തിക തകർച്ചയിൽപ്പെട്ട് രാജ്യവും സമ്പദ് വ്യവസ്ഥയും വല്ലാതെ ഉഴലുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ അന്തക്കരണമില്ലാത്ത ഈ നടപടി. മറ്റു മേഖലകളിൽ കൊറോണ ഏല്പിക്കുന്ന ആഘാതം ഇന്ധന വിലയിലൂടെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലാവാം ഈ ജനവിരുദ്ധ നടപടിക്കു പിന്നിൽ. അത് എന്തായാലും തീർത്തും അനവസരത്തിലും പ്രത്യാഘാതങ്ങൾ വിലയിരുത്താതെയുമാണ് ഇന്ധന വില ഉയർത്താനുള്ള തീരുമാനമെടുത്തതെന്ന് നിസംശയം പറയാം. ഇപ്പോൾത്തന്നെ പെട്രോളിനും ഡീസലിനും കുറവല്ലാത്ത രീതിയിൽ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്. നിലവിൽ പെട്രോൾ ലിറ്ററിന് ആറു രൂപയാണ് ഈടാക്കുന്നത്. അത് രണ്ട് രൂപ കൂട്ടി എട്ടു രൂപയാക്കിയിരിക്കുകയാണ്. ഡീസലിന്റെ തീരുവ രണ്ടു രൂപയിൽ നിന്ന് നാലു രൂപയാക്കി. ഇതിനു പുറമേ റോഡ് സെസിലുമുണ്ട് ഒരു രൂപയുടെ വർദ്ധന.
രാജ്യത്തൊട്ടാകെ ഏകീകൃത നികുതി ഘടന (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നപ്പോഴും ഇന്ധന മേഖലയെ അതിൽ നിന്ന് മാറ്റിനിറുത്തുകയാണു ചെയ്തത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കറവപ്പശുവെന്ന നിലയ്ക്ക് ഇന്ധന മേഖലയെ കാണുന്നതു കൊണ്ടാണിത്. ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ ജി.എസ്.ടി കൗൺസിൽ ശനിയാഴ്ച ചേരാനിരിക്കെ ഇന്ധന വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത് കേവലം യാദൃച്ഛികമാകാനിടയില്ല. ഇന്ധനങ്ങളെയും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ജനകീയ ആവശ്യത്തോട് കേന്ദ്രം മാത്രമല്ല സംസ്ഥാനങ്ങളും മുഖം തിരിഞ്ഞാണു നില്പ്. വരുമാന നഷ്ടത്തെക്കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.
മൂന്നുവർഷത്തോളമായി ഇന്ധന വില നിർണയിക്കുന്നത് എണ്ണക്കമ്പനികളാണ്. അന്താരാഷ്ട്ര വിലനിലവാരമനുസരിച്ച് ദിവസേനയാണ് ഇപ്പോൾ ഇവിടെയും വില നിശ്ചയിക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ നിരക്കിലുള്ള നികുതികളും സെസുമൊക്കെ ചേർന്ന് എണ്ണക്കമ്പനികൾ ഈടാക്കുന്ന വിലയുടെ ഏതാണ്ട് ഇരട്ടിയാണ് ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത്. ഉത്‌പന്ന വിലയുടെ അത്രതന്നെ നികുതികളായി പിഴിഞ്ഞെടുക്കുകയാണ്. എണ്ണ വിപണി എത്രകണ്ട് ഇടിഞ്ഞാലും അതിന്റെ നേട്ടം ജനങ്ങളിലെത്താറുമില്ല.
പെട്രോളിനും ഡീസലിനും നേരിയ തോതിൽ വില കൂട്ടിയാൽ പോലും രാജ്യത്തെ ഒട്ടാകെ സ്തംഭിപ്പിക്കുന്ന ഹർത്താലും ബന്തുമൊക്കെ മുൻപ് പതിവായിരുന്നു. വില വർദ്ധന പ്രതിദിന ശിക്ഷയായി മാറിയതുകൊണ്ടാകാം ഒരു സംഘടനയും ഇക്കാലത്ത് ഇന്ധനവില വർദ്ധനയുടെ പേരിൽ തെരുവിൽ ഇറങ്ങാറില്ല. അത് ഒരു ജനകീയ പ്രശ്നമേ അല്ലാതായിരിക്കുന്നു. ജനങ്ങൾ സംഘടിത ശക്തിയല്ലാത്തതിനാൽ ഒറ്റപ്പെട്ട അവരുടെ പ്രതിഷേധത്തിന് സർക്കാർ വില കല്പിക്കാറുമില്ല.
പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ട് പെട്രോളിയം ഉത്‌പന്നങ്ങളുടെ വില തോന്നുംപോലെ വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത് അന്യായമെന്നു മാത്രമല്ല ജനങ്ങളോടു കാട്ടുന്ന വലിയ പാതകവുമാണ്. പെട്രോളിനും ഡീസലിനും വരുത്തുന്ന ഓരോ വില വർദ്ധനയും പരോക്ഷമായി സർവ മേഖലകളെയും ബാധിക്കും. വിലക്കയറ്റം സൃഷ്ടിക്കുന്നതിൽ ഇന്ധന വില മുഖ്യ ഘടകമാണ്.
ലോകമാസകലം കൊറോണ ഭീതി സൃഷ്ടിച്ച ആരോഗ്യ ഭീഷണിയിലാണ്. ഇന്ധന ഉപഭോഗം അമ്പരപ്പിക്കും വിധത്തിലാണ് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. എണ്ണ ഉത്പാദനം ഗണ്യമായി വെട്ടിച്ചുരുക്കാൻ എണ്ണ ഉത്‌പാദക രാജ്യങ്ങൾ നിർബന്ധിതരായിട്ടുണ്ട്. സ്വാഭാവികമായും അസംസ്കൃത എണ്ണയുടെ വില നേർ പകുതിയായി കുറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന അവസരമാണിത്. കൊറോണപ്പേടിയിൽ രാജ്യത്ത് ഇന്ധന ഉപയോഗത്തിലും കുറവു വരുന്നത് സർക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടാകാം പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർദ്ധിപ്പിച്ചിട്ടുള്ളത്. ആർക്ക് പ്രാന്തു വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്നു പറഞ്ഞതുപോലെ വരുമാന നഷ്ടം നികത്താൻ എപ്പോഴും ഇന്ധന മേഖലയെത്തന്നെ പിഴിയാൻ മുതിരുന്നത് അല്പം കടന്ന കൈ തന്നെയാണ്.