ബാലരാമപുരം:അവശനിലയിൽ കടവരാന്തയിൽ കണ്ട വൃദ്ധയെ ബാലരാമപുരം ജനമൈത്രി പൊലീസ് വൃദ്ധരുടെ പുനരധിവാസകേന്ദ്രമായ സിസിലിപുരം പുനർജനിക്ക് കൈമാറി.കൊല്ല കുരിശുപള്ളി സ്വദേശി സരളാ ദേവിയെയാണ് പുനർജനി ഏറ്റെടുത്തത്.കുറച്ചുദിവസമായി ബാലരാമപുരത്തും പരിസരങ്ങളിലും ഇവർ അലഞ്ഞു തിരിയുകയായിരുന്നു.വൃദ്ധയുടെ ദുരവസ്ഥയെപറ്റി നാട്ടുകാരാണ് ബാലരാമപുരം പൊലീസിനെ അറിയിച്ചത്.ബാലരാമപുരം സി.ഐ ജി.ബിനുവിന്റെ നേത്യത്വത്തിൽ സീനിയർ സിറ്റിസൺസ് ചെയർമാൻ ബാലരാമപുരം അൽഫോൺസ്,പി.ആർ.ഒ ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്ന് സിസിലിപുരം പുനരധിവാസകേന്ദ്രം പ്രസിഡന്റ് സോമസുന്ദരത്തിന് സംരക്ഷണച്ചുമതല കൈമാറുകയായിരുന്നു. ഇവരുടെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.