തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടാൽ സഭ സമ്മേളിക്കും. ഈ മാസം 25ഓടെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമായിരിക്കും തീരുമാനിക്കുക. ധനകാര്യ ബിൽ അവതരിപ്പിച്ച സ്ഥിതിക്ക് അത് പാസാക്കണം. 120 ദിവസത്തെ സാവകാശമുണ്ടെങ്കിലും ഈ മാസം 31ന് മുമ്പ് പാസാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

അനിശ്ചിതകാലത്തേക്ക് പിരിയുകയാണെങ്കിൽ മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിക്കണം. അവസാനിക്കുമ്പോൾ ദേശീയഗാനാലാപനവും നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇത് രണ്ടും ഉണ്ടായില്ല. സമ്മേളനം അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചതായി (പ്രറോഗ്) ഗവർണറെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചതുമില്ല. അതിനാൽ, സഭ സമ്മേളിക്കുന്ന വിവരം പുതുതായി ഗവർണറെ അറിയിക്കേണ്ടതില്ല.

പന്ത്രണ്ടോളം ധനാഭ്യർത്ഥനകൾ വകുപ്പുതിരിച്ച് ചർച്ച ചെയ്ത് പാസാക്കിക്കഴിഞ്ഞ സ്ഥിതിക്ക് നാല് മാസത്തേക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് അവശേഷിച്ച ധനാഭ്യർത്ഥനകൾ ഒറ്റയടിക്ക് പാസാക്കി കഴിഞ്ഞ ദിവസം സഭാസമ്മേളനം അവസാനിപ്പിച്ചത്.