തിരുവനന്തപുരം: കൊറോണ ഭീതിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീണ്ടാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും.

പ്രശ്നം ആഗോള വ്യാപകമാണെങ്കിലും, കേരളം സേവന മേഖലയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ പ്രത്യാഘാതം കടുത്തതായിരിക്കും.

ബസുകളിൽ യാത്രക്കാർ കുറഞ്ഞു. വ്യാപാരകേന്ദ്രങ്ങളിൽ തിരക്കൊഴിഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ (ഇക്കണോമിക് ആക്ടിവിറ്റി) കുറഞ്ഞതോടെ നിത്യക്കൂലിക്ക് ജോലിചെയ്യുന്നവർക്ക് തൊഴിൽ കുറഞ്ഞു.

വ്യാപകമായി തൊഴിൽ നൽകുന്ന കെട്ടിട നിർമ്മാണ മേഖലയും നിശ്ചലമാവും.

ഓഖി ദുരന്തം, 2018ലെയും 2019ലെയും വെള്ളപ്പൊക്കം എന്നിവയുണ്ടാക്കിയ സാമ്പത്തിക ഉലച്ചിലിൽ നിന്ന് കേരളം മുക്തമായിട്ടില്ല. രണ്ടുവർഷം മുമ്പ് നികുതി പിരിവിൽ കേരളം 30 ശതമാനം വർദ്ധന പ്രതീക്ഷിച്ചെങ്കിലും പത്തിൽ താഴെയാണ് ഇപ്പോഴത്തെ നികുതി വളർച്ച. നികുതി വരവ് വീണ്ടും കുറയും.

സേവന മേഖലയിലെ തിരിച്ചടി

1.കാർഷിക-വ്യാവസായിക മേഖലകളെ ആശ്രയിക്കുന്ന മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സമ്പദ് ഘടന ആശ്രയിക്കുന്നത് സേവനമേഖലയെയാണ്.

2. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 65 ശതമാനവും സേവന മേഖലയിൽ നിന്നാണ്.

3. ടൂറിസം, ഗതാഗതം, കമ്യൂണിക്കേഷൻ, ബാങ്കിംഗ് തുടങ്ങിയവയാണ് സേവനമേഖലയിൽ പ്രധാനം.

4.സമ്പദ് ഘടനയുടെ പത്തു ശതമാനം നിയന്ത്രിക്കുന്ന ടൂറിസം മേഖല ഏതാണ്ട് നിശ്ചലമാണ്. രാജ്യാന്തര വിമാന സർവീസുകൾ പലതും നിറുത്തിക്കഴിഞ്ഞു.

തൊഴിൽ നഷ്ടം

1. സംഘടിത മേഖലയിലുള്ളവർക്ക് പോലും ജോലി നഷ്ടപ്പെടും.

2.ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വരുമാനം ഇല്ലാതാവും.

വ്യാപാരം ഇടിയും

1.വ്യാപാര മേഖലയിലും പ്രതിസന്ധി ഉണ്ടാവും.

കയറ്രുമതി നിലയ്ക്കുമ്പോൾ കാർഷിക, വ്യാവസായിക മേഖലകളിലും പ്രത്യാഘാതം.

2.സാമ്പത്തിക ഇടപാടുകൾ കുറയുന്നതോടെ വാണിജ്യ മേഖലയിൽ തിരിച്ചടി.

3.കാർഷിക മേഖല ഒന്ന് പച്ചപിടിച്ചെങ്കിലും ഇപ്പോഴത് നെഗറ്റീവ് വളർച്ചയിലാണ്. മിക്ക സംരംഭകരും ബാങ്ക് വായ്പകളെ ആശ്രയിച്ചിരിക്കുന്നവരാണ്. ഇടപാട് കുറയുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടാവും.

. - നിയന്ത്രണങ്ങൾ അനിവാര്യമാണ്. എന്നാൽ ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. രണ്ട് മാസം കൂടി നിയന്ത്രണം നീട്ടിയാൽ കരകയറാൻ തന്നെ ബുദ്ധിമുട്ടാകും. ‌

-ഡോ. നാരായണ,

മുൻ ‌ഡയറക്ടർ , ഗുലാത്തി ഇൻസ്റ്രിറ്ര്യൂട്ട്.

കൊറോണ മൂലം മാന്ദ്യം കടുത്തതിനാൽ വ്യാപാരികൾക്കും വായ്പയെടുത്തവർക്കും തിരിച്ചടവിൽ ആറു മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം.

- എസ്. എസ്. മനോജ്,

സംസ്ഥാന സെക്രട്ടറി,

വ്യാപാരി വ്യവസായി ഏകോപന സമിതി