തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് കത്തിലൂടെ ആവശ്യപ്പെട്ടു. തിര. കമ്മിഷൻ നേരത്തേ അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അനുമതി നൽകണമെന്ന കോൺഗ്രസിന്റെ അഭ്യർത്ഥന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ സയമപരിധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോഴുള്ള സാങ്കേതികപിഴവിനാൽ പതിനായിരക്കണക്കിന് അർഹരായവർ പട്ടികയിൽ നിന്നും പുറത്തു പോകും. അതൊഴിവാക്കാൻ സമയപരിധി ഒരുമാസത്തേക്ക് നീട്ടണം. നീതിപൂർവവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് നടത്താൻ ഇത്തരമൊരു നടപടിയിലൂടെയെ സാധിക്കൂവെന്നും മുല്ലപ്പള്ളി കത്തിൽ ചൂണ്ടിക്കാട്ടി.