വെള്ളനാട്: വേനൽ കടുത്തതോടെ വെള്ളനാട് പൂവച്ചൽ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രധാന ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങിയതിനാൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രശ്നം ഗുരുതരമായിട്ടും ഗ്രാമ പഞ്ചായത്തുകളും വാട്ടർ അതോറിട്ടിയും വേണ്ട നടപടികൾ കൈക്കൊളളുന്നില്ലെന്ന ആക്ഷേപവുമുണ്ട്.ഇവിടത്തെ പ്രധാന ജലസ്രോതസ് കിണറുകൾ മാത്രമാണ്.വേനൽ കടുത്തതോടെ കിണറുകളിലും വെള്ളം വറ്റി. ജലസമൃദ്ധമായിരുന്ന തോടുകളുടെ ഇപ്പോഴത്തെ അവസ്ഥയും ദയനീയമാണ്. അതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണം കുടിവെള്ളം ശേഖരിക്കാൻ. ഇരു പഞ്ചായത്തുകളും കുടിവെള്ള വിതരണത്തിനായി പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രദേശത്തെ വാർഡുകളിൽ മാത്രം പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല. വെള്ളനാട് പഞ്ചായത്തിലെ പ്ലാൻ ഫണ്ടിൽ നിന്ന് പണമടച്ചാൽ ഡിപ്പോസിറ്റ് വർക്കായി വാട്ടർ അതോറിട്ടിക്ക് ഈ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാനാകുമായിരുന്നു.പഞ്ചായത്തിലെ മിക്ക മെമ്പർമാരും അവരുടെ വാർഡുകളിലെ പ്ലാൻ ഫണ്ട് കുടിവെള്ളമെത്തിച്ച് നൽകാൻ തയാറായിരുന്നു.എന്നിട്ടും ഈ ഫണ്ട് വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണ സമിതികൾ തയ്യാറാകാത്തതാണ് പ്രശ്നം. എല്ലാ സ്ഥലങ്ങളിലും തുല്യമായി കുടിവെള്ളം വിതരണം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയാത്തത് നാട്ടുകാരുടെ പരാതിക്കിടയാക്കി. നെടിയവിള,കരിങ്കുറ്റി കോളനി പ്രദേശങ്ങളിൽ രണ്ടാഴ്ചയിലേറെയായി കുടിവെള്ളമില്ല.കാവുംപുറത്ത് സ്ഥാപിച്ചിരുന്ന കുടിവെള്ള പദ്ധതിയിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കരിങ്കുറ്റി കോളനിക്കാർക്ക് കുടിവെള്ളമില്ലാത്ത അവസ്ഥയായി. ഈ പ്രദേശത്ത് വാർഡ് സഭകൾ ചേരുന്നതിന്റെ തലേന്ന് ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചതല്ലാതെ കോളനിക്കാർക്ക് വെള്ളമെത്തിക്കുന്നതിനായി അധികൃതർ മറ്റ് നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല.
കുടിവെള്ളക്ഷാമം ഇവിടെ
വെള്ളനാട് പഞ്ചായത്ത്
ഉറിയാക്കോട്
കടുക്കാമൂട്
കണ്ണംപള്ളി
പുവച്ചൽ പഞ്ചായത്ത്
കൊണ്ണിയൂർ
പൊന്നെടുത്തകുഴി
കാപ്പിക്കാട്
കരിങ്കുറ്റി കോളനി
വട്ടിയൂർക്കാവിലെ കാവുംപുറത്ത് കുടിവെള്ള പദ്ധതി സ്ഥാപിച്ചത് -1995 ൽ
"വെള്ളനാട്, പൂവച്ചൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നമാണിത്. പതിറ്റാണ്ടുകളായി ജനങ്ങൾ ആവശ്യപ്പെട്ടിട്ടും പൈപ്പ് ലൈൻ സ്ഥാപിക്കാത്തതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. അവഗണന തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
-ഡി.സത്യനേശൻ, വെള്ളനാട് ഗ്രാമ പഞ്ചായത്തംഗം.
-പി.കമലരാജ്.
ഡി.സി.സി മെമ്പർ.