മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പറയത്തുകോണം ചിറയ്ക്ക് പൂർണമായും സംരക്ഷണ ഭിത്തിയും സംരക്ഷണ വേലിയും നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അനേക വർഷങ്ങളായി നാട്ടുകാർ ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി 2016ൽ വി. ശശി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 25 ലക്ഷം രൂപ ചെലവഴിച്ച് കുറച്ചു ഭാഗത്ത് സംരക്ഷണ ഭിത്തിയും സംരക്ഷണ വേലിയും നിർമ്മിക്കുകയും ഒപ്പം റോഡും നിർമ്മിച്ചു.

എന്നാൽ ചിറയ്ക്കു ചുറ്റും പൂർണമായും സംരക്ഷണ ഭിത്തിയും സംരക്ഷണ വേലിയും നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ശക്തമായ മഴയും വെള്ളപ്പാച്ചിലും മൂലം ചിറയുടെ സംരക്ഷണ ഭിത്തി പല ഭാഗത്തും പൊളിഞ്ഞു കിടക്കുകയാണ്.

സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്നുപോകുന്നതിനായി ചിറയോട് ചേർന്ന റോഡിലൂടെ കാൽനടയായും സൈക്കിളിലും മറ്റ് വാഹനങ്ങളിലുമായി വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നുണ്ട്. ഇതിന് പുറമെ നാട്ടുകാരും. കുളത്തിന് ചുറ്റും സംരക്ഷണ വേലി ഇല്ലാത്തതിനാൽ വീണ്ടും അപകടം ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ. അതിനാൽ ജനപ്രതിനിധികൾ മുൻകൈ എടുത്ത് സംരക്ഷണ ഭിത്തിയും വേലിയും നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

parayathukoonamchira