തിരുവനന്തപുരം: കൊറോണ ഭീതിയിൽ തീരത്ത് കപ്പലടുപ്പിക്കാൻ അനുമതി കിട്ടാതെ ഷാർജയിൽ പുറം കടലിൽ കുടുങ്ങി മലയാളികളുൾപ്പെടുന്ന സംഘം. ഷാർജ ആസ്ഥാനമായുള്ള സീ ആൻഡ് വെസൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളികളുൾപ്പെട്ട 12 അംഗ സംഘമാണ് അഞ്ച് ദിവസമായി കുടുങ്ങിക്കിടക്കുന്നത്.
തിരുവനന്തപുരം സ്വദേശി ഷിബു .എസ്, പാലക്കാട്ടുകാരൻ രാജേഷ് മണി, കോഴിക്കോട് സ്വദേശി പ്രകാശൻ എന്നിവരാണ് മലയാളികൾ. ഇവർ തങ്ങളുടെ അവസ്ഥ വിവരിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു.
ഇറാൻ തീരത്ത് ജോലി ചെയ്യുന്ന ഇവർ അവിടെ കൊറോണ വ്യാപിച്ചതിനെ തുടർന്നാണ് ഷാർജയിലെ ഖാലിദ് തുറമുഖത്തേക്ക് തിരിച്ചത്. തീരത്ത് ഇറങ്ങാൻ അനുമതി ചോദിച്ച് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഒന്നുകിൽ കപ്പലിൽ തന്നെ കഴിയുക, അല്ലെങ്കിൽ ഇറാനിലേക്ക് തിരിക്കുക എന്നായിരുന്നു മറുപടി. നാട്ടിലേക്ക് മടങ്ങണമെന്നാണ് തങ്ങളുടെ ആഗ്രഹം, അതിന് സാധിക്കുന്നില്ലെങ്കിൽ സുരക്ഷിതമായ ഏങ്ങോട്ടെങ്കിലും മാറ്രണമെന്നും ജീവനക്കാർ പറയുന്നു. സർക്കാരിന്റെ ഇടപെടൽ ഉടൻ വേണം. ഏതുവിധ പരിശോധനയ്ക്കും സമ്മതമാണ്.
നിലവിൽ ഭക്ഷണത്തിന് ക്ഷാമമില്ലെങ്കിലും ഈ സ്ഥിതി തുടർന്നാൽ കൈയിലുള്ളതെല്ലാം തീരും.സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇവർ വീട്ടുകാരെ ബന്ധപ്പെടുന്നുണ്ടെങ്കിലും കുടുംബങ്ങളും ആശങ്കയിലാണ്.
-------------
'ഷാർജയിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നോർക്കയും എംബസിയും നടപടി സ്വീകരിക്കും"
ഹരികൃഷ്ണൻ നമ്പൂതിരി,
നോർക്ക സി.ഇ.ഒ