തിരുവനന്തപുരം:കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി . മുൻകരുതലിന്റെ ഭാഗമായി രോഗലക്ഷണമുള്ള ജനങ്ങൾ വീട്ടിലിരിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു.മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും വർക്കലയിലെത്തിയ ഇറ്റാലയിൻ പൗരൻ വിവിധയിടങ്ങളിലും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണിത്. രോഗ ലക്ഷണമുള്ളവർ ആരോഗ്യവകുപ്പുമായി സഹകരിക്കണം.വൈറസ് വ്യാപകമായി നിലവിൽ പടർന്നിട്ടില്ല. എന്നാൽ തലസ്ഥാനത്തേക്ക് ദിവസേന നിരവധി ആളുകൾ വരുന്ന സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. സെക്രട്ടേറിയറ്റ് നടപടികളിൽ തടസം നേരിടില്ല. കഴിഞ്ഞ 27നാണ് ഇറ്റാലിയൻ പൗരൻ ഡൽഹി വഴി തിരുവനന്തപുരത്തെത്തിയത്. ആഭ്യന്തര വിമാന സർവീസ് ആയതിനാൽ കൂടെയുള്ളവരെ ഇതുവരെ കണ്ടെത്താനായില്ല. ഈ മാസം പത്തിനാണ് ഇയാൾക്ക് രോഗലക്ഷണം കണ്ടത്. ആശുപത്രിയിലേക്ക് ആട്ടോയിലാണ് പോയത്. കൊല്ലത്ത് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തെന്നും വിവരമുണ്ട്. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. ഇയാൾ ഇറ്റാലിയൻ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് ആശയവിനിമയം ബുദ്ധിമുട്ടാകുന്നുണ്ട്. 15 ദിവസം പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല.ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടർ വ്യക്തമാക്കി.