sree-narayana-guru

തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഒാർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ 16-ാമത് ശ്രീനാരായണ വേൾഡ് പാർലമെന്റ് സമ്മേളനം തിരുവനന്തപുരത്ത് മേയ് എട്ട്, ഒൻപത്,10 തീയതികളിൽ നടത്തുമെന്ന് എസ്.എൻ.ജി.സി കേരള ചാപ്‌റ്റർ ഒാർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.ഷാജി പ്രഭാകരൻ, വർക്കിംഗ് ചെയർമാൻ കെ.എൻ. ബാബു ചാലക്കുടി, ജനറൽ കൺവീനർ എസ്. സുവർണകുമാർ, ജോയിന്റ് ജനറൽ കൺവീനർ ചേങ്കോട്ടുകോണം സുരേന്ദ്രൻ എന്നിവർ അറിയിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിനായി സാമൂഹിക-സാംസ്കാരിക-ആത്മീയ-രാഷ്ട്രീയരംഗത്തെ പ്രശസ്തരടങ്ങുന്ന 101 പേരുള്ള സ്വാഗതസംഘത്തിന് രൂപം നൽകിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ 400 ൽ പരം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.ഇത് കൂടാതെ, ഗുരുദേവ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, സന്യാസി ശ്രേഷ്ഠർ, സാമൂഹ്യ-സാംസ്കാരിക നായകർ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവയും കനകക്കുന്ന് പാലസിനടുത്തുള്ള ശ്രീനാരായണ നഗറിൽ (കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ആഡിറ്റോറിയം) പ്രസ്തുത തീയതികളിൽ നടക്കും. ഫണ്ട് ശേഖരണ ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഇന്ന് രാവിലെ 10ന് നടക്കും.