ആ​റ്റിങ്ങൽ: കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി മതപരമായ ചടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

ഉത്സവഘോഷങ്ങൾ വ്യാപകമായി റദ്ദാക്കി. ക്ഷേത്രോത്സവങ്ങളെല്ലാം ബന്ധപ്പെട്ട ഉത്സവ കമ്മി​റ്റികൾ റദ്ദാക്കിക്കഴിഞ്ഞു. ചിറയിൻകീഴ് താലൂക്ക്മേഖലയിലെ പ്രധാന ഉത്സവമായ ശാർക്കരക്ഷേത്രത്തിലെ മീനഭരണി മഹോത്സവ ആഘോഷങ്ങൾ ഒഴിവാക്കുവാൻ തീരുമാനിച്ചതും ആവനവഞ്ചേരി ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ പൂരം ഒഴിവാക്കാൻ തീരുമാനിച്ചതും ഏറത്ത് പള്ളിയറ ക്ഷേത്രത്തിലെ കാളിയൂട്ട് മാറ്റിവച്ചതും ശ്രദ്ധേയമായി.

ക്ഷേത്രങ്ങളിലെല്ലാം മാർച്ച് 31 വരെ തീയതികളിൽ നിശ്ചയിച്ചിരുന്ന ഉത്സവ ആഘോഷങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

മുസ്ലീം പള്ളികളിൽ കൂട്ടായി അംഗശുദ്ധി വരുത്തുന്ന സംവിധാനങ്ങൾ സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി റദ്ദാക്കി. ഇത്തരം ടാങ്കുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. സാധാരണ ഓരോ പള്ളികളിലെയും അംഗശുദ്ധി വരുത്തുന്ന ടാങ്കുകൾ നൂറ് കണക്കിനാളുകൾ ഉപയോഗിക്കുന്നതാണ്. വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്‌കാരത്തിനാണ് കൂടുതലായി ഇത് ഉപയോഗിക്കുന്നത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് മുന്നോടിയായുള്ള പ്രസംഗങ്ങളും പള്ളികളിൽ ഒഴിവാക്കി.

ആ​റ്റിങ്ങൽ ഗുഡ്‌ഷെപ്പേർഡ് ചർച്ച് ഞായറാഴ്ചകളിൽ രാവിലെ 7.30 മുതൽ 9 വരെയുള്ള വിശുദ്ധ കുർബാന 45 മിനിട്ടായി ചുരുക്കി. മതബോധന ക്ലാസുകളെല്ലാം നിർത്തിവച്ചു. ഞായറാഴ്ചകളിൽ വൈകുന്നേരം 4 മുതൽ 5.30 വരെ ഭവനങ്ങളിൽ നടത്തുന്ന കുടുംബ കൂട്ടായ്മകളും ഒഴിവാക്കി. ഞായറാഴ്ചകളിൽ രാവിലെ 6.30 മുതൽ 7.30 വരെ നടത്തി വരുന്ന കുരിശിന്റെ വഴി പ്രാർത്ഥന നിറുത്തിയതായി ഫാദർ വി.വിൽഫ്രഡ് അറിയിച്ചു.