തിരുവനന്തപുരം: രണ്ട് ദിവസത്തെ കാഷ്വൽ അവധിയിലായിരുന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു നാളെ ജോലിയിൽ പ്രവേശിക്കും. തുടർ അവധിയെടുത്ത് ആയുർവേദ ചികിത്സയ്ക്ക് പോകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അവധിയിലുള്ള വകുപ്പു സെക്രട്ടറിമാർ ജോലിക്കെത്തണമെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നു. തിരികെയെത്തിയ ശേഷം വേണു വകുപ്പുമാറ്റം ആവശ്യപ്പെട്ടേക്കും. തന്റെ കീഴിൽ സർവ്വേ ഡയറക്ടറായിരുന്ന വി.ആർ. പ്രേംകുമാറിനെ മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനെതിരെ ഐ.എ.എസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വേണു പ്രതികരിച്ചത് വിവാദമായിരുന്നു. പ്രേംകുമാറിനെ സ്ഥലംമാറ്റിയാൽ അവധിയിൽ പോകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്തുണയുമായി ഒരു വിഭാഗം ഐ.എ.എസുകാരും രംഗത്തെത്തി. എന്നാൽ ഐ.എ.എസ് ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാടിൽ സ്ഥലംമാറ്റ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയായി. ഇതോടെ വേണു ചീഫ്സെക്രട്ടറിയെ കണ്ട് അവധിക്ക് അപേക്ഷ നൽകി. വേണുവിനെ റവന്യു വകുപ്പിൽ നിന്ന് മാറ്റാനുള്ള ആലോചനയും സർക്കാർ തലത്തിൽ നടന്നിരുന്നു.
ചട്ടലംഘനം അനുവദിക്കില്ല: ചീഫ് സെക്രട്ടറി
സിവിൽ സർവീസുകാർ സർക്കാർ തീരുമാനത്തെ പരസ്യമായി വിമർശിക്കുന്നത് ചട്ടലംഘനമാണെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് പ്രത്യേക സർക്കുലർ ഇറക്കി. സർക്കാർ തീരുമാനങ്ങളെ സമൂഹ മാദ്ധ്യമങ്ങളിൽ ചില ഉദ്യോഗസ്ഥർ വിമർശിക്കുന്നതും മറ്റു ചിലർ അതിനെ പിന്താങ്ങുന്നതും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 1968ലെ സർവീസ് ചട്ടങ്ങളുടെ ലംഘനം ഗൗരവത്തോടെ കാണുമെന്നും സർക്കുലറിൽ വ്യക്തമാക്കി.