photo

നെടുമങ്ങാട് : വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.എൽ.ടി വിദ്യാർത്ഥിനിയായ പനവൂർ മുളമൂട് മീൻനിലം തടത്തരികത്തു വീട്ടിൽ വിജയന്റെയും മിനിയുടെയും മകൾ അഞ്ജുവിന്റെ (21) മരണം കുടലിലെ അണുബാധ മൂലമാണെന്ന് പ്രാഥമിക പരിശോധന ഫലം.മൈക്രോ ബയോളജി പരിശോധനയും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചതിനു ശേഷം വിശദ അന്വേഷണം നടത്തുമെന്ന് വലിയമല സി.ഐ ജെ.ആർ രഞ്ചിത്ത് കുമാർ പറഞ്ഞു.

കഴിഞ്ഞ ഒൻപതാം തീയതി വയറിളക്കവുംഛർദ്ദിയുമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അഞ്ജു അസുഖം ഭേദമാകാത്തതിനെ തുടർന്ന് 11 ന് വീണ്ടും ജില്ലാ ആശുപത്രിയിലെത്തുകയും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ, വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.വണ്ണം വയ്ക്കാൻ മരുന്ന് കഴിച്ചതിനെ തുടർന്നാണ് വയറിളക്കവും ഛർദ്ദിയും പിടിപെട്ടതെന്ന് പരാതിയുണ്ട്.അഞ്ജു കഴിച്ച മരുന്നിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.പതിനാറാംകല്ല് പേരിലയിൽ താമസിക്കുന്ന അഞ്ജുവിന്റെ വല്ല്യമ്മയുടെ വീട്ടിൽ ഒരാഴ്ച മുൻപ് എത്തിയപ്പോഴാണ് വിദ്യാർത്ഥിനി മരുന്ന് കഴിച്ചത്. പതിനാറാംകല്ല് കേന്ദ്രീകരിച്ച് സ്വകാര്യ വ്യക്തി പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും ശരീരപുഷ്ടിക്കും വന്ധ്യതാ ചികിത്സയ്ക്കും മരുന്ന് തയ്യാറാക്കി നൽകി വരികയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നിരവധി പരാതികൾ ഉയർന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.എന്നാൽ,ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ സ്വകാര്യ മരുന്ന് ഉത്പാദകർക്കെതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് വലിയമല പൊലീസ്.ഇതുസംബന്ധിച്ച് ഉന്നതാധികൃതർക്ക് പരാതി നൽകുമെന്ന് പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോർ പറഞ്ഞു. അഞ്ജുവിന്റെ മൃതദ്ദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പതിനാറാംകല്ലിലെ കുടുംബവീട്ടിൽ സംസ്കരിച്ചു. അച്ഛൻ വിജയൻ ആട്ടോ ഡ്രൈവറാണ്.ഏക സഹോദരി : ആശ.