തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പേരിൽ സാനിറ്റൈസറുകളും മാസ്കുകൾക്കും കൊള്ളവില ഈടാക്കിയ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു. ജനറൽ ആശുപത്രിക്ക് സമീപത്തെ യു.ജി.എച്ച് സർജിക്കൽസിനാണ് പിടി വീണത്. ഇന്നലെ ഉച്ചയോടെ മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കടയ്ക്ക് നഗരസഭയുടെ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. നോട്ടീസ് നൽകി ലൈസൻസ് ഹാജരാക്കിയ ശേഷം പ്രവർത്തിച്ചാൽ മതിയെന്ന് നിർദേശം നൽകി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കട അടപ്പിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും തുറന്നു. ഇതോടെ ആരോഗ്യവിഭാഗം ജീവനക്കാർ എത്തി ബലമായി കട പൂട്ടി സീൽചെയ്തു. അന്വേഷണത്തിനിടെ സ്ഥാപനത്തിന്റെ പേരിൽ നഗരത്തിൽ ആംബുലൻസ് ഓടുന്നതായി കണ്ടെത്തി. ഗോവ രജിസ്ട്രേഷൻ ഇന്നോവ കാറാണ് ആംബുലൻസ് എന്ന പേരിൽ ഓടുന്നത്. ഇതിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാറില്ലെന്നും മറ്റുപല ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്നുമാണ് വിവരം. വാഹനം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതും ഉണ്ടായിരുന്നില്ല. തുടർന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വാഹനം കൈമാറി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വാഹനം വിട്ടു നൽകിയതായാണ് വിവരം.
വിലവർദ്ധനവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് നിർദേശം കൈമാറി. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ പൂഴ്ത്തിവയ്ക്കുക,വിലവർദ്ധിപ്പിച്ച് വിൽക്കുക തുടങ്ങിയ ജനദ്രോഹപരമായ പ്രവർത്തനങ്ങൾ ചെയ്യരുതെന്ന് മെഡിക്കൽ സ്റ്റോറുകൾ സന്ദർശിച്ച് മേയർ അഭ്യർത്ഥിച്ചു.പല മെഡിക്കൽ സ്റ്റോറുകളിലും കൃത്രിമക്ഷാമം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവ പരിഹരിക്കാൻ വിതരണക്കാരുമായി ബന്ധപ്പെടാനും മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വഞ്ചിയൂർ പി.ബാബു,ഐ.പി.ബിനു ഹെൽത്ത് സൂപ്പർവൈസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ മേയർക്കൊപ്പം ഉണ്ടായിരുന്നു.