കിളിമാനൂർ: മലയോര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തകരപ്പറമ്പ് - തട്ടത്തുമല റോഡ് ഇനി ഹൈടെക്. കുണ്ടും കുഴിയും നിറഞ്ഞ് ഒരു ഓട്ടോറിക്ഷയ്ക്ക് മാത്രം പോകാൻ വീതിയുണ്ടായിരുന്ന ഗ്രാമീണ റോഡുകളെ ബന്ധിച്ചാണ് ഇവിടെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം ആരംഭിച്ചത്. 10.25 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും ഇതിനായി അനുവദിച്ചത്. ഈ റോഡ് കടന്നു പോകുന്ന പുതുമംഗലം മുതൽ തോപ്പിൽ വരെയുള്ള താഴ്ന്ന ഭാഗം 12 മീറ്ററോളം ഉയർത്തി റോഡ് നിർമ്മിച്ച് സൈസ് വാൾ നിർമ്മിക്കേണ്ടി വന്നു. പാപ്പല മുതൽ പാങ്ങൽത്തടം വരെയുള്ള മൂന്ന് കിലോമീറ്റർ സൈഡ് കെട്ടി മണ്ണ് ഫിൽ ചെയ്ത് പുതിയ റോഡ് നിർമ്മിച്ചു. പ്രദേശവാസികൾ സ്വമേധയാ വിട്ടു നൽകിയ ഭൂമിയും, പുറമ്പോക്ക് ഭൂമി ഏറ്റെടുത്തുമായിരുന്നു റോഡ് നിർമ്മാണം. കർഷകരും ഗ്രാമീണരും വസിക്കുന്ന ഇവിടെ ഈ റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ പുതിയ ഒരു വികസന കുതിപ്പിന് തുടക്കമാകുന്നതിനോടൊപ്പെം പ്രദേശവാസികളുടെ നീണ്ട കാലത്തെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്.
ഫണ്ട് - 10.25 കോടി
റോഡിന്റെ നീളം 11 കിലോമീറ്റർ
വീതി 10 - 15 മീറ്റർ വരെ
റോഡ് കടന്നു പോകുന്നത് കിളിമാനൂർ - പഴയകുന്നുമ്മൽ പഞ്ചായത്തിലൂടെ
നിർമ്മിക്കുന്നത് - ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ
പ്രയോജനപ്പെടുന്ന പ്രദേശങ്ങൾ:
* മുളയ്ക്കലത്തുകാവ്
* തോപ്പിൽ
* പുതുമംഗലം
* കൈലാസം കുന്ന്
* തട്ടത്തുമല
* പാപ്പാല
* പാങ്ങൽ തടം
മണ്ഡലത്തിലെ ചെറുത് - വലുത് എന്നില്ലാതെ മുഴുവൻ റോഡുകളും ആധുനികവത്കരിച്ച് യാത്രാ സൗകര്യം ഒരുക്കുക എന്ന വാഗ്ദാനം പാലിക്കുകയാണ്. ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ നീണ്ട കാലത്തെ യാത്രാദുരിതത്തിന് പരിഹാരമാവും.
ബി. സത്യൻ എം.എൽ.എ