വെഞ്ഞാറമൂട്: സർക്കാരിന്റെ ആരോഗ്യ ജാഗ്രതാ നിർദ്ദേശം പാലിച്ചു കൊണ്ടു തീർത്ഥാടനകേന്ദ്രമായ വേങ്കമല ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവവും മേളയും ഉപേക്ഷിച്ചു. ക്ഷേത്രച്ചടങ്ങുകൾ മാത്രം നടത്തും. ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഉത്സവം ഉപേക്ഷിക്കുന്നതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ എം.എൽ.എ ഡി.കെ. മുരളിയും ആർ.ടി.ഒ ജയമോഹനും വിളിച്ചു ചേർത്ത ക്ഷേത്ര കമ്മിറ്റിയുൾപ്പെട്ടവരുടെ അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. വൻ ജന പങ്കാളിത്തമുണ്ടാകാറുള്ള ഉത്സവത്തിനു പകർച്ചവ്യാധി ഭീഷണിയുണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ചാണ് സുപ്രധാന തീരുമാനമെടുത്തത്. 20 മുതൽ 27 വരെയാണ് ഉത്സവവും മേളയും നിശ്ചയിച്ചിരുന്നത്. വേങ്കമല പൊങ്കാലയ്ക്ക് എല്ലാവർഷവും അര ലക്ഷത്തിലധികം ആൾക്കാരാണ് പങ്കെടുക്കുന്നത്. മാത്രമല്ല കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം ഭക്തർ എല്ലാക്കൊല്ലവും എത്താറുണ്ട്. ഈ സാഹചര്യത്തിൽ ഭക്തരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് പൊതു അഭിപ്രായം ഉണ്ടായി. ഉത്സവം അടുത്തമാസത്തേയ്ക്ക് മാറ്റാനായിരുന്നു മുൻ ദിവസങ്ങൾ ആലോചന നടന്നത്. എന്നാൽ ക്ഷേത്ര പൂജാരിമാരുൽപ്പെട്ട ഊരു സഭ പ്രശ്‌നം വച്ചപ്പോൾ ഉത്സവം മാറ്റി മറ്റൊരു ദിവസം നടത്താനാകില്ലെന്നാണ് പ്രശ്‌ന വിധി വന്നത്.അതനുസരിച്ച് സ്റ്റേജ് പരിപാടികളും പൊങ്കാലയും മേളയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികളായ ആദർശ് വേങ്കമല, എം.എസ്. സിബീഷ് എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻനായർ, വാർഡംഗം സജു, വിവിധവകുപ്പ് പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.