kovalam

കോവളം: അടിമലത്തലത്തുറ കടൽ തിരയിൽപ്പെട്ട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളിൽ രണ്ടാമത്തെ മൃതദേഹം കിട്ടി. കോട്ടുകാൽ പുന്നവിള റോഡരികത്ത് വീട്ടിൽ പെരുമ്പഴുതൂർ ഗവ. പോളിടെക്‌നിക് ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകൾ ശരണ്യയുടെ (20) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അടിമലത്തുറ കടലിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ പട്രോളിംഗ് സംഘം കണ്ടെത്തിയത്. മൂന്നാമത്തെ വിദ്യാർത്ഥിനി കോട്ടുകാൽ പുന്നക്കുളം എസ്. എം.വീട്ടിൽ ഷമ്മി- മായ ദമ്പതികളുട മകൾ ഷാരുവിനായുളള തെരച്ചിൽ തുടരുന്നു.

വിഴിഞ്ഞം കിടാരക്കുഴിയിൽ കിടങ്ങിൽ പരേതനായ സുരേന്ദ്രന്റെയും ഇന്ദുവിന്റെയും മകൾ നിഷ (20) യുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ കടലിൽനിന്ന് കിട്ടിയിരുന്നു. നിഷയും ശരണ്യയും തമിഴ്നാട് അതിർത്തിക്കടുത്തുള്ള സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാർത്ഥികളാണ്.

പൊലീസ് പറയുന്നതിങ്ങനെ: വെളളിയാഴ്ച ഉച്ഛയ്ക്കുശേഷം ശരണ്യ അയൽവാസിയും കോട്ടുകാൽ ഗവ.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ ഷാരുവിനെ വിളിക്കുകയും ഷാരുവിന്റെ പിതാവിന്റെ സ്കൂട്ടറിൽ ഇരുവരും പുന്നക്കുളത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തുകയും ചെയ്തു. അവിടെ നിന്ന് കിടാരക്കുഴിയിലെ നിഷയെയും കൂട്ടി അടിമലത്തുറയിൽ എത്തി. സ്കൂട്ടർ പാർക്ക് ചെയ്തശേഷം, ചെരുപ്പുകൾ ഉപേക്ഷിച്ച് മൂവരും കടൽത്തീരം വഴിനടന്നു. ഈ ദൃശ്യങ്ങൾ അടിമലത്തുറ പള്ളിയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വൈകിട്ട് 4 ഓടെ തീരത്ത് കടൽക്ഷോഭം ശക്തമായിരുന്നു. മൂവരും കടലിൽ കാൽ കഴുകാൻ ഇറങ്ങിയതാകാമെന്നും ശക്തമായ തിരയിൽ പെട്ടതാകാമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. അതേസമയം, വിദ്യാർത്ഥിനികൾ കടലിൽപ്പെട്ട സമയത്തിന് അല്പം മുമ്പ് തീരത്ത് എത്തിയ ശരണ്യയുടെയും നിഷയുടെയും സുഹൃത്തുക്കളെന്ന് കരുതുന്ന മൂന്ന് പേരെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ പൊലീസിന്റെ സൈബർ സെല്ലിൽ അയച്ച് വിശദമായ പരിശോധന നടത്തും. ഇന്നലെ ശരണ്യയുടെ സഹോദരൻ സനലിനെ സ്ഥലത്തെത്തിച്ച് മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റി.