തിരുവനന്തപുരം: എണ്ണൂറോളം പേർക്ക് കൊറോണ സ്ഥിരീകരിച്ച ഇംഗ്ലണ്ടിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ നിരീക്ഷണത്തിലാക്കാത്തതെന്തെന്ന് ചോദിച്ച് കെ.പി.സി.സി ജനറൽസെക്രട്ടറി ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക് പോസ്റ്റ്. ഈ മാസം മൂന്ന് മുതൽ അഞ്ച് വരെയായിരുന്നു ഡി.ജി.പിയുടെ ലണ്ടൻ സന്ദർശനം.
പതിനായിരത്തിലേറെപ്പേർക്ക് ഇംഗ്ലണ്ടിൽ രോഗബാധ സംശയിക്കുന്നു. അവിടത്തെ ആരോഗ്യമന്ത്രിക്ക് പോലും രോഗം പിടിപെട്ടു. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്. ഫെബ്രുവരി രണ്ടാം വാരം മുതൽ ഇംഗ്ലണ്ടിൽ കൊറോണ പടർന്നു പിടിക്കുമ്പോഴാണ് ബെഹ്റ അവിടെ സന്ദർശനം നടത്തിയത്. ഏതൊക്കെ വിമാനത്തിൽ ഏതെല്ലാം രാജ്യങ്ങളിലൂടെ അദ്ദേഹം കടന്നുപോയി ? തിരികെ കേരളത്തിലെത്തിയ അദ്ദേഹം വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാൻ താല്പര്യമുണ്ട്. എങ്ങനെയാണ് രോഗബാധിത മേഖലയിൽ നിന്ന് മടങ്ങിയെത്തിയ പൊലീസ് മേധാവി ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നത്?.
മാർച്ച് നാലിന് യൂണിവേഴ്സൽ സ്‌ക്രീനിങ് തുടങ്ങിയെന്ന് കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യു.കെ.സന്ദർശനം കഴിഞ്ഞെത്തിയ പൊലീസ് മേധാവിക്ക് ഇത് ബാധകമല്ലേ. അതോ രാജ്യത്തെ ഒരു നിയമവും ബാധകമല്ലാത്ത ബെഹ്റയ്ക്ക് കൊറോണയിലും ഒഴിവുണ്ടോ എന്ന് ചാമക്കാല ചോദിച്ചു.