corona-meetting

വർക്കല: ഇറ്റലിക്കാരനായ വിനോദസഞ്ചാരിക്ക് കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വി. ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വർക്കല ഗവ. താലൂക്ക് ആശുപത്രിയിൽ ഉന്നതതല യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ വിനോദ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൽ വിഭാഗം ചീഫ് ഡോ. ചിന്ത, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, തഹസിൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർമാർ, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, വർക്കലയിലെ പൊലീസ് ഉദ്യോഗസ്ഥർ, ടൂറിസം അസോസിയേഷൻ ഭാരവാഹികൾ, ദേവസ്വം അധികൃതർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഇറ്റാലിയൻ പൗരൻ വർക്കലയിലെത്തിയതു മുതൽ രോഗം സ്ഥിരീകരിച്ച വെള്ളിയാഴ്ച വരെയുള്ള അയാളുടെ സമ്പർക്ക വിവരങ്ങളടക്കം പരിശോധിച്ച് കോൺടാക്ട് മാപ്പ് തയ്യാറാക്കും. രോഗിയുമായി സമ്പർക്കമുണ്ടായിട്ടുള്ള വ്യക്തികളെ ഐസൊലേറ്റ് ചെയ്യാനും പാപനാശം ബീച്ചിലെ കച്ചവട സ്ഥാപനങ്ങളെല്ലാം 31വരെ അടച്ചിടാനും കടൽതീരത്ത് ടൂറിസ്റ്റുകളെ നിരോധിക്കാനും തീരുമാനിച്ചു. ജനങ്ങളിൽ ഭീതി പരത്തുന്ന വാർത്തകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ജനങ്ങൾക്കിടയിൽ ബോധവത്കരണം കാര്യക്ഷമമായി നടത്താനും തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർ, പൊലീസ്, നഗരസഭ അധികൃതർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത പരിശോധനയും നിരീക്ഷണവും ശക്തമാക്കി.