വർക്കല:പുത്തൻചന്തയ്ക്കും ജില്ലാ ആയുർവേദ ആശുപത്രിക്കും മദ്ധ്യേയുളള ഓടയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും കൊതുകുകളും പെരുകുന്നതായി ആക്ഷേപം.കാൽനടയാത്രപോലും ദുരിതത്തിലായ സാഹചര്യമാണ്.പ്രദേശത്തെ ചില ഹോട്ടലുകൾ,തട്ടുകടകൾ,ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നുളള മാലിന്യങ്ങളും പഴകിയ വസ്തുക്കളും മലിനജലവുമാണ് ഓടയിലേക്ക് ഒഴുക്കിവിടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.പല സ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു.കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നീരൊഴുക്ക് നിലച്ച ഇത്തരം ഓടകൾ ശുചീകരിക്കാൻ നഗരസഭ തയ്യാറാകണം.പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നഗരസഭ ആരോഗ്യവിഭാഗവും മുന്നോട്ട് വരണമെന്ന് കേരള യുവകർഷകസംഘം വർക്കല മുനിസിപ്പൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രസിഡന്റ് ഗീത.എസ്. കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അയന്തിശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വർക്കല അനിൽകുമാർ, ശ്രീഹരി, ബിന്ദു, ലതിക, രാജീവ് തുടങ്ങിയവർ സംസാരിച്ചു.