mar14a

ആറ്റിങ്ങൽ: വർക്കലയിലും തിരുവനന്തപുരത്തും കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിൽ ഇതിന് ഇടയ്ക്കുള്ള ആറ്റിങ്ങൽ പ്രദേശത്ത് ബസുകൾ ഉൾപ്പെടെ പൊതുവാഹനങ്ങളിൽ യാത്രക്കാർ കുറഞ്ഞത് സർവീസുകളെ സാരമായി ബാധിക്കുന്നതായി സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. രണ്ടു ദിവസമായി കൈയിൽ നിന്ന് പണം നൽകിയാണ് സർവീസ് നടത്തുന്നതത്രേ. ചില വാഹന ഉടമകൾ ശനിയാഴ്ച ഉച്ചയോടെ സർവീസ് നിറുത്തി ബസുകൾ ഒതുക്കി.

ശനിയാഴ്ച മലയാളമാസം ഒന്നാം തീയതിയായിരുന്നതിനാൽ ശാർക്കര ബസുകളിൽ നിറയെ യാത്രക്കാർ രാവിലേ മുതൽ ഉണ്ടാകേണ്ടതാണ്. എന്നാൽ ക്ഷേത്രത്തിൽ വളരെ കുറച്ച് ആളുകളാണ് ഒന്നാം തീയതി ദർശനത്തിനായി എത്തിയത്. ഇത് കൂടുതൽ ബാധിച്ചത് സ്വകാര്യ ബസുകളെയാണ്. നിറയെ യാത്രക്കാരുമായി പോകേണ്ട ട്രിപ്പുകൾ പോലും രണ്ടും മൂന്നും യാത്രക്കാരുമായി ഓടേണ്ട അവസ്ഥയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഒരു ബസിൽ മൂന്ന് തൊഴിലാളികളാണുള്ളത്. അവരുടെ കൂലിയിനത്തിൽ 2700 രൂപയോളം നൽകണം. ഇന്ധനത്തിനായി ഒരു ദിവസം ശരാശരി 5000 രൂപ വേണ്ടിവരും. ഇൻഷ്വറൻസ്,​ ടാക്സ്,​ സ്റ്റാൻഡ് ഫീ,​ മെയിന്റനൻസ് എന്നിവയ്ക്ക് വലിയ തുക നീക്കി വയ്ക്കേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു. കൂടാതെ ഓട്ടോറിക്ഷകളും യാത്രക്കാരില്ലാതെ സ്റ്റാൻഡിൽ ദീർഘനേരം കിടന്നശേഷം ഓട്ടം നിറുത്തി വീട്ടിൽ ഒതുക്കുകയായിരുന്നു.