നെടുമങ്ങാട്: നഗരസഭയിലെ പാളയത്തിൻമുകളിൽ 20 വർഷം മുൻപ് പുനരധിവസിപ്പിച്ച 30 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഭൂമിക്ക് പട്ടയം നൽകുന്നതിന് നെടുമങ്ങാട് മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു.ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭ സെക്രട്ടറിയുടെ പേരിൽ വിലയ്ക്ക് വാങ്ങിയ ഒരേക്കർ സ്ഥലത്തായാണ് 30 വീടുകൾ നിർമ്മിച്ച് നൽകിയത്.എന്നാൽ,ഉടമകൾക്ക് പട്ടയം അനുവദിച്ചിരുന്നില്ല.വാർഡ് സഭ പ്രമേയത്തിലൂടെ നഗരസഭ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നത് പരിഗണിച്ചാണ് കൗൺസിൽ യോഗം പട്ടയം അനുവദിക്കുന്നതിന് തീരുമാനമെടുത്തത്.നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാൽ വസ്തു കൈയൊഴിയുന്നതിന് സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പട്ടയം നൽകാനാകുമെന്ന് വാർഡ് കൗൺസിലറും മുൻ ചെയർമാനുമായ ആർ.മധു അറിയിച്ചു.