തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് നഗരവും ഗ്രാമങ്ങളും. അതീവ ജാഗ്രതാനിർദ്ദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. നഗരത്തിലടക്കം പൊതു നിരത്തുകളിൽ ആളുകൾ കുറഞ്ഞു. ബസുകളിൽ യാത്രക്കാരുടെ എണ്ണവും സർവീസ് നടത്തുന്ന ആട്ടോറിക്ഷ, ടാക്സികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. നിയന്ത്രണം വന്നതോടെ വ്യാപാര സ്ഥാപനങ്ങളിലടക്കം കച്ചവടം കുറഞ്ഞു. മാളുകളടക്കം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചതോടെ വലിയ തോതിലുള്ള വിലക്കുറവും ചില കടകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറു കടകൾക്ക് നിർദ്ദേശം ബാധകമല്ലെങ്കിലും വരും ദിവസങ്ങളിൽ ഇവിടെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഇന്നലെ അവധി ദിവസമായിട്ട് കൂടി ഗാന്ധി പാർക്ക് അടക്കമുള്ള നഗരത്തിലെ വിവിധ പാർക്കുകളിലും കനകക്കുന്നിലും ആളുകൾ വിരളമായിരുന്നു. ഹോട്ടലുകളിലും ബേക്കറികളിലും കച്ചവടം കുറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചതോടെ വഴിയോരക്കച്ചവടക്കാരുടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. ആളില്ലാതായതോടെ മിക്ക ഹോട്ടലുകളും താത്കാലികമായി അടയ്ക്കാനുള്ള ഒരുക്കത്തിലുമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിവിധ വകുപ്പുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ജനങ്ങൾ ഭീതിയിലാണ്.