vnd

വെള്ളനാട്: ജില്ലയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച വെള്ളനാട്ട് ആശങ്കകൾ അകറ്റാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിക്ക് ഇക്കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ വെള്ളനാട് ഗ്രാമം മുഴുവൻ ആശങ്കയിലാവുകയും ഈ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് എം.എൽ.എ,ജനപ്രതിനിധികൾ, ആർ.ഡി.ഒ,തഹസിൽദാർ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നത്. രോഗിയേയും നിരീക്ഷണത്തിലുള്ള ജർമ്മനിയിൽ നിന്നെത്തിയ ആളെയും ആശങ്കകൾക്ക് അടിസ്ഥാനമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്ത രീതി ആരോഗ്യ വകുപ്പ് അധികൃതർ ജനപ്രതിനിധികളോട് വിശദീകരിച്ചു.രോഗം ബാധിച്ച യുവാവിന്റെ പിതാവിന് പരിശോധനയിൽ രോഗബാധയില്ലെന്ന റിപ്പോർട്ട് ലഭിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്ന് കെ.എസ്.ശബരീനാഥൻ.എം.എൽ.എ പറഞ്ഞു.വിദേശത്ത് നിന്നെത്തി പരിശോധനയ്ക്ക് വിധേയരാകാത്തവരെ കണ്ടെത്താനുള്ള നടപടികൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് യോഗത്തിൽ തീരുമാനമായി. വെള്ളനാട് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ആർ.ഡി.ഒ ജയമോഹനൻ,തഹസിൽദാർ എം.കെ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം എൽ.പി.മായാദേവി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി, വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,ഡി.എം.ഒ പ്രതിനിധി ഡോ.ഗായത്രി,​വെള്ളനാട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ എന്നിവർ സംസാരിച്ചു. എല്ലാ വീടുകളിലേക്കും കൊറോണയെക്കുറിച്ചുള്ള അവബോധം നേരിട്ട് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഇന്നലെ മുതൽ തന്നെ ആരംഭിച്ചു. അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും യോഗം ഉറപ്പുനൽകി.