v-muraleedharan

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ ജാഗ്രതയാണ് ആവശ്യമെന്നും അത് ഭീതി പടർത്തലാവരുതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ട കാര്യമില്ലായിരുന്നു. പാർലമെന്റ് നടപടികൾ നിറുത്തിവയ്ക്കാൻ ആലോചിച്ചിട്ടില്ല.ഇറ്രലിയിലെ മിലാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ടുള്ള വിമാനം ഇന്നു രാവിലെ 9ന് ഡൽഹിയിലെത്തും.

കൊറോണയ്ക്കെതിരെ കേന്ദ്രം കൃത്യമായ നടപടികളെടുത്തിട്ടുണ്ട്. ചൈനയിൽ രണ്ടു തവണ ഇവാക്വേഷൻ നടത്തി. അവിടേക്ക് മരുന്നു കൊടുത്തയച്ചു. ഇറാനിൽ മതപഠനത്തിന് പോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവിടേക്കും മെഡിക്കൽ സംഘം പോയി. 350ൽ അധികം പേരെ ഉടൻ തിരിച്ചെത്തിക്കും. ഇറാനിൽ മത്സ്യത്തൊഴിലാളികൾക്ക് മരുന്നുകൾ ലഭ്യമാക്കി.

ഇറ്റലിയിൽ വൈദ്യസംഘം പോയി പരിശോധന നടത്തി. മുഖ്യമന്ത്രി പറയും പോലെ, വൈദ്യ പരിശോധന നടത്താതെ ആൾക്കാരെ കൊണ്ടുവന്നാൽ ഇപ്പോൾ റൂട്ട് മാപ്പ് ഉണ്ടാക്കി ആളെ തപ്പുന്നതു പോലെ ഇന്ത്യ മുഴുവൻ തപ്പേണ്ടിവരുമായിരുന്നു.

എന്തെങ്കിലും ചെയ്തുവെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. കത്തയച്ചാലും ഇല്ലെങ്കിലും കേന്ദ്രം അതിന്റെ കടമ കൃത്യമായി നിർവഹിക്കുന്നുണ്ട്.


തൊഴിൽ സംരക്ഷിക്കും

കൊറോണ മൂലം വിദേശത്ത് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അത് തിരിച്ചു കിട്ടാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം നടത്തും. കൂടുതൽ ദിവസം ഇന്ത്യയിൽ നിൽക്കേണ്ടി വന്നാൽ പ്രവാസി പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കും പരിഹാരം കാണും.