kovalam

കോവളം: മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിഴിഞ്ഞം- മുക്കോല- കാരോട് ബൈപാസ് റോഡിന്റെ നിർമ്മാണം വൈകാൻ സാദ്ധ്യത. സംസ്ഥാനത്തെ റോഡുകളിൽ നീളം കൂടിയ ആദ്യ കോൺക്രീറ്റ് പാതയാണിത്. കഴക്കൂട്ടം-മുക്കോല-കാരോട് ബൈപ്പാസ് റൂട്ടിൽ 16 കിലോമീറ്റർ ദൂരത്തിലാണ്‌ കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്. ഇതിൽ എട്ടു കിലോമീറ്റർ ദൂരം ഇതുവരെ പൂർത്തിയാക്കിയെന്നാണ് അധികൃതരുടെ വാദം. ഈ റോഡിന്റെ തുടർ നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമി നിരപ്പാക്കലിന് ആവശ്യമായ ചെമ്മണ്ണ് വേണം. ഇതു സമയബന്ധിതമായി ലഭിച്ചാലേ നിർദ്ദിഷ്ട സമയത്തിനുള്ളിൽ റോഡിന്റെ നിർമാണം പൂർത്തിയാക്കാനാകൂ എന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.

 അനുമതി ലഭിച്ചു, എന്നിട്ടും...

മഴക്കാലം തുടങ്ങുന്നതിന് മുൻപ് കോൺക്രീറ്റ് പാത നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. കോട്ടുകാൽ, ആനാവൂർ, ഇരുമ്പിൽ, ചെങ്കൽ, പരശുവയ്ക്കൽ എന്നിവിടങ്ങളിൽ നിന്നാണ് റോഡ് നിർമ്മാണത്തിനുള്ള മണ്ണെടുക്കാനുള്ള അനുമതിയുള്ളത്. ഈ മേഖലകളിലെ വില്ലേജ് ഓഫീസർമാർ സ്ഥലം പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മണ്ണെടുക്കുന്ന മേഖലകൾ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണത്തിനുള്ള മണ്ണിനായി മലകൾ തുരക്കാൻ പരിസ്ഥിതി അനുമതി നൽകിയത്.

 പ്രധാന ജോലികൾ നടക്കുന്നത് : കോട്ടുകാൽ, കാഞ്ഞിരംകുളം പഞ്ചായത്തുകളിൽ.

കോട്ടുകാലിൽ പ്രധാനമായും പയറുമൂടിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. കോൺക്രീറ്റ് കഴിഞ്ഞ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പിറകിലെ അടിപ്പാതയുടെ നിർമ്മാണം അവസാന ഘട്ടമായെങ്കിലും പ്രദേശവാസികളുടെ നിരവധി പരാതികളെ തുടർന്ന് നിർമ്മാണം മന്ദഗതിയിലാണ്. ഇവിടെ പാലത്തിന് സമാന്തരമായി 25 മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് പൊക്കാനുണ്ട്. മണ്ണിട്ട സ്ഥലങ്ങളിൽ മഴക്കാലത്ത് കോൺക്രീറ്റ് ഭിത്തിയിലെ വിടവുകളിലൂടെ സർവീസ് റോഡിലൂടെ ശക്തമായ നീരൊഴുക്ക് വരുന്നതായും പ്രദേശവാസികൾ പറയുന്നു. കാഞ്ഞിരംകുളം പഞ്ചായത്തിൽ കല്ലുമലയിൽ 200 മീറ്ററോളം ദൂരത്തിൽ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

16 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകളും ഏതാണ്ട് പൂർത്തിയായി വരുന്നു. റോഡിനോടു ചേർന്നുള്ള കൺവേർട്ടുകളും മറ്റ് അനുബന്ധ

നിർമാണങ്ങളും നടക്കുന്നുണ്ട്. പ്രതിസന്ധികൾ അവസാനിച്ചാൽ ഈ വർഷം അവസാനത്തോടെ ബൈപാസ് നിർമ്മാണം പൂർത്തിയാക്കും -പി.പ്രദീപ്, ദേശീയപാതയുടെ പ്രോജക്ട് ഡയറക്ടർ

ആകെ ദൂരം- 43 കി.മീ

കോൺക്രീറ്റ് റോഡ് 16 കി.മീ

ആകെ ചെലവ് 497 കോടി രൂപ