route-
റൂട്ട് മാപ്പ്

തിരുവനന്തപുരം: വെള്ളനാട് സ്വദേശിയായ 32 കാരൻ ഇറ്റലിയിൽ നിന്ന് ജർമനി– ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത് 11ന് പുലർച്ചെ 2.35ന്. ഖത്തർ എയർവേയ്സിന്റെ 506ആം നമ്പർ ഫ്‌ളൈറ്റിലെത്തിയ ഇദ്ദേഹം പുറത്തിറങ്ങി കറൻസി എക്സ്‌ചേഞ്ച് കേന്ദ്രത്തിലുമെത്തി. തുടർന്ന് കെ.എൽ.01 ബി.സി 4104 നമ്പർ ടാക്സിയിൽ വെള്ളനാട്ടേക്ക്. വീട്ടിലെത്തി കുളിക്കുമ്പോൾ വിറയൽ അനുഭവപ്പെട്ട രോഗി ദിശയുടെ ആംബുലൻസ് വിളിച്ചുവരുത്തി മെഡിക്കൽ കോളജിലേക്ക്. 12.10ന് മെഡിക്കൽ കോളജിൽ. തുടർന്ന് 1.35ഓടെ പുറത്തേക്ക്. 1.40ന് മെഡിക്കൽ കോളജ് പരിസരത്തിലുള്ള സമുദ്ര മെഡിക്കൽസിലും തുടർന്ന് 1.50ന് തൊട്ടുചേർന്നുള്ള ജ്യൂസുകടയിലും കയറി. രണ്ടുമണിക്ക് ഓട്ടോയിൽ കയറി വീട്ടിലേക്ക്. ഇതിനിടെ പേരൂർക്കടയിലുള്ള ഭാരത് പെട്രോളിയം പമ്പിലും കയറി. വീട്ടിലെത്തി വിശ്രമിച്ച ഇദ്ദേഹത്തിന് പിറ്റേന്ന് കോവിഡ് സ്ഥിരീകരിച്ചു. ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ലണ്ടനിൽ നിന്ന് പത്താംതീയതി പുറപ്പെട്ട ജി.എഫ് 2 വിമാനത്തിൽ ബഹ്റിനിലെത്തിയ പേട്ട സ്വദേശിയായ 45കാരൻ അവിടെനിന്ന് ജി.എഫ് 0060 വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം സ്വന്തം കാറിൽ വീട്ടിലേയ്ക്ക് പോയി. 11ന് രാവിലെ ജനറൽ ആശുപത്രിയിലെത്തി. രാവിലെ എട്ടിന് ജനറൽ ആശുപത്രിയിലെ കാർപാർക്കിങ് ഏരിയയിൽ എത്തിയ ഇദ്ദേഹം നടന്നാണ് അകത്തുകയറിയത്. ഒ.പി.ടിക്കറ്റ് കൗണ്ടറിലും കോവിഡ് ഒ.പിയിലും നടന്നുതന്നെ എത്തി. ഐസൊലേഷൻ വാർഡിൽ സാമ്പിൾ നൽകിയ ശേഷം 10.30ന് മുൻഗേറ്റ് വഴി ഓട്ടോയിൽ പുറത്തേക്ക്. കൈതമുക്കിലെ സഹകരണബാങ്കിന് എതിർവശത്തുള്ള രണ്ട് കടകളിൽ കയറിയശേഷം 10.45 ആർ.ടെക് സ്‌ക്വയർ എന്ന ഫ്ളാറ്റിലെത്തി. ഫലം പോസിറ്റീവായതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട ഇറ്റലിയിൽ നിന്നെത്തിയ ആളായിട്ടും ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനുശേഷവും വെള്ളനാട്ടുകാരൻ ജ്യൂസ് കടയിലും മെഡിക്കൽ സ്റ്റോറിലും പോയി. ലണ്ടനിൽ നിന്നെത്തിയ ആൾ ഏറ്റവും തിരക്കേറിയ ജനറൽ ആശുപത്രി ഒ.പിയിലും സമയം ചെലവഴിച്ചു.