ബാലരാമപുരം: മംഗലത്തുകോണം,​ ചാവടിനട,​ കട്ടച്ചൽക്കുഴി ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ പൊലീസ് പിടികൂടി. കട്ടച്ചൽക്കുഴി ഞാറ്റടിത്തല വീട്ടിൽ വിപിൻ (21)​,​ നെല്ലിവിള വീട്ടിൽ ശ്രീനന്ദു എന്ന നന്ദു (18)​ എന്നിവരാണ് അറസ്റ്റിലായത്. സിസിലിപുരം ഉച്ചക്കട ജംഗ്ഷന് സമീപം ഉഷസിൽ അമലിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഹോണ്ട ആക്ടീവ,​ ഹെൽമെറ്റ്,​ ഷൂസുകൾ എന്നിവയും ചാവടിനട ചാമവിള ഷാരോൺ നിവാസിൽ സെൽവരാജന്റെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന നാല് കൂളറുകൾ,​ ഫാനുകൾ,​ ടോർച്ചുകൾ എന്നിവയും മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. സ്‌കൂട്ടറും കൂളറും മറ്റ് മോഷണവസ്‌തുക്കളും ഒന്നാം പ്രതി വിപിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. വിപിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാലരാമപുരം സി.ഐ ജി. ബിനു,​ എസ്.ഐമാരായ വിനോദ് കുമാർ,​ തങ്കരാജ്,​ ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ,​ എസ്.സി.പി.ഒ സജിത്ത് ലാൽ,​ സി.പി.ഒ ശ്രീകാന്ത്,​ രാജൻ എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.