arrest

കാട്ടാക്കട: കാട്ടാക്കടയിലെ സ്വകാര്യ ബാർ ഹോട്ടൽ അടിച്ചു തകർത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ നാലുപേരാണ് പിടിയിലായത്. ഉഴമലയ്ക്കൽ കുളപ്പട മൊണ്ടിയോട് വാലിക്കോണം സുദദ്രാ ഭവനിൽ കിടുമ്പൻ എന്ന രാജേഷ് (32), പേരുമല മുബീന മൻസിലിൽ ഷമീം (32), പള്ളിവേട്ട പഴയ തെരുവ് വി.കെ. ഹൗസിൽ നസുമുദ്ദീൻ (32), കുളപ്പട അമലഗിരി സ്‌കൂളിന് സമീപം വടക്കുംകര വീട്ടിൽ രാജേഷ് എന്ന ലാലി (28) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയോടെ എത്തിയ കിടുമ്പൻ രാജേഷ് അമിതമായി മദ്യപിച്ചശേഷം കൗണ്ടറിൽ ബഹളം വച്ചതോടെ ജീവനക്കാർ ഇയാളെ പുറത്താക്കി. ഇതിൽ പ്രകോപിതനായ രാജേഷ് വി‌‌ഷ്‌ണു, ഷമീം, നസുമുദ്ദീൻ, രാജേഷ് ലാലി എന്നിവരെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. ആയുധങ്ങളുമായി പിക്ക്അപ്പ് ആട്ടോയിലും ബൈക്കിലുമായി എത്തിയ സംഘം ഹോട്ടലിന്റെ മുൻവശം പൂർണമായും അടിച്ച് തകർക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മലയടി, നെടുമങ്ങാട്, പള്ളിവേട്ട, കുളപ്പട എന്നീ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഈ കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.