kanyakulangara

പോത്തൻകോട്: കുളത്തൂരിൽ ഭാര്യയെയും മകനെയും കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്നുപേർക്കും ഒരേ കുഴിയിൽ അന്ത്യവിശ്രമം. കന്യാകുളങ്ങര ചിറമുക്ക് സിയോൺകുന്ന് പറയൻ വെട്ടി തടത്തരികത്തു വീട്ടിൽ സുരേഷ് (35), ഭാര്യ മൺവിള കിഴക്കുംകര വീട്ടിൽ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരാണ് മരിച്ചത്. സുരേഷിന്റെ സിയോൺകുന്നിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. വെള്ളിയാഴ്ചയാണ് കുളത്തുരിലെ വാടകവീട്ടിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൂവരുടെയും മൃതദേഹം സിന്ധുവിന്റെ മൺവിളയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ചിരുന്നു. പൊലീസിന്റെ നിഗമനം ഇങ്ങനെ: വ്യാഴാഴ്ച മൂവരും ആഹാരം കഴിച്ച ശേഷം അടുക്കളയിൽ പത്രം കഴുകിക്കൊണ്ടിരുന്ന സിന്ധുവിനെ പിന്നാലെയെത്തിയ സുരേഷ് കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. പിന്നീട് മുറിയിൽ ഉറങ്ങുകയായിരുന്ന മകനെയും കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം രാവിലെ വീട്ടിലെത്തണമെന്ന് സിന്ധുവിന്റെ അനുജത്തിയുടെ ഭർത്താവിന് വാട്സ്ആപ്പിൽ മെസേജ് അയച്ച ശേഷം കിടപ്പുമുറിയിൽ അതേ കയർ ഉപയോഗിച്ച് സുരേഷ് തൂങ്ങിമരിക്കുകയായിരുന്നു.