ramachndran

തിരുവനന്തപുരം: പുതുശ്ശേരി രാമചന്ദ്രനിൽ നിന്ന് അവസാന നിമിഷം അകന്നുപോയ അവാർഡ് എന്ന നിലയ്ക്കാണ് കഴിഞ്ഞ വർഷത്തെ അവാർഡ് പ്രഖ്യാപനം ശ്രദ്ധേയമായത്. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പായിരുന്നു അവാർഡിനായി ജൂറി തിരഞ്ഞെടുത്ത കൃതിയിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ട്രസ്റ്റ് ചെയർമാൻ എം.കെ സാനു രാജിവച്ചത്. പുരസ്‌കാരത്തിനായി മൂന്നംഗ ജൂറി തിരഞ്ഞെടുത്തത് പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ 'തിളച്ച മണ്ണിൽ കാൽനടയായി' എന്ന കൃതിയായിരുന്നു. വി.ജെ ജെയിംസിന്റെ നോവലായ നിരീശ്വരൻ, ഏഴാച്ചേരി രാമചന്ദ്രന്റെ കവിതാ സമാഹാരമായ ഇലത്തുമ്പിലെ വജ്രദാഹം എന്നീ കൃതികളാണ് പുതുശ്ശേരിയുടെ കൃതിക്കൊപ്പം അവസാന റൗണ്ടിൽ എത്തിയത്. എന്നാൽ മൗലിക സ്വഭാവം പുലർത്താത്ത കൃതിക്ക് അവാർഡ് നൽകുന്നതിൽ എം.കെ. സാനു എതിർപ്പ് പ്രകടിപ്പിച്ചു. മൗലിക കൃതികളായ നിരീശ്വരനോ ഇലത്തുമ്പിലെ വജ്രദാഹത്തിനോ അവാർഡ് നൽകണമെന്നായിരുന്നു സാനുവിന്റെ നിർദേശം. തുടർന്ന് അദ്ദേഹം ട്രസ്റ്റ് സ്ഥാനം രാജിവയ്ക്കുന്ന വിവരം സെക്രട്ടറി ത്രിവിക്രമനെ കത്തിലൂടെ അറിയിക്കുകയും ചെയ്തു.
അവാർഡ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പുണ്ടായ സംഭവവികാസം വിവാദമാക്കാൻ ട്രസ്റ്റ് സെക്രട്ടറിയും അംഗങ്ങളും മെനക്കെട്ടില്ല. എന്നാൽ അതിനോടകം പുതുശ്ശേരി രാമചന്ദ്രനാണ് പുരസ്‌കാരം എന്ന നിലയ്ക്ക് വാർത്തകൾ പുറത്താകുകയും ചെയ്തിരുന്നു. വയലാർ പുരസ്‌കാരത്തിന്റെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ വാർത്തകളുണ്ടായതോടെ മൗലിക കൃതിക്കു തന്നെ അവാർഡ് നൽകുകയെന്ന തീരുമാനത്തിലേക്ക് ട്രസ്റ്റ് നീങ്ങുകയും നിരീശ്വരന്‍ 43-ാമത് വയലാർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുയും ചെയ്തു.
അവാർഡ് പ്രഖ്യാപിക്കുന്നതിനായി വിളിച്ച വാർത്താസമ്മേളനത്തിൽ പുതുശ്ശേരിയെ അല്ലേ അവാർഡിനായി ആദ്യം തിരഞ്ഞെടുത്തതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രസ്റ്റ് അംഗങ്ങൾ മറുപടി പറഞ്ഞില്ല.

►വയലാർ ട്രസ്റ്റ് നൽകാത്തത് സാംസ്‌കാരിക വേദി നൽകി

വയലാർ ട്രസ്റ്റിന്റെ പുരസ്‌കാരം മൗലികതയുടെ പേരിൽ പുതുശ്ശേരിയിൽ നിന്ന് അകന്നതിനു തൊട്ടു പിന്നാലെ വയലാറിന്റെ പേരിലുള്ള മറ്റൊരു പുരസ്‌കാരം പുതുശ്ശേരിയെ തേടിയെത്തി. വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയാണ് പുതുശ്ശേരിയുടെ ആത്മകഥയ്ക്ക് പുരസ്‌കാരം നൽകിയത്.

►'വയ്യ കിടക്കണം' അവസാന പ്രസംഗം ഇങ്ങനെ മാത്രം

പുതുശ്ശേരിയുടെ വെള്ളയമ്പലത്തെ വസതിയിൽ എത്തിയാണ് പുരസ്‌കാരം സമർപ്പിച്ചത്. രോഗശയ്യയിൽ കഴിയുകയായിരുന്ന കവി അനൗദ്യോഗികമായിട്ടാണെങ്കിലും ഒടുവിൽ പങ്കെടുത്ത ചടങ്ങും ഇതു തന്നെ. നടൻ നെടുമുടി വേണുവാണ് പുരസ്‌കാരം സമർപ്പിച്ചത്. ഓർമ്മക്കുറവും ശാരീരിക അവശതയും കാരണം പുതുശേരി അവാർഡ് സ്വീകരിച്ച ശേഷം സംസാരിച്ചില്ല. ശാരീരിക അവശതയെ സൂചിപ്പിച്ച് 'കിടക്കണം' എന്നു മാത്രമാണ് അദ്ദേഹം അവ്യക്തമായി ആവർത്തിച്ചത്. മുറിയിൽ മെത്തയിൽ വിശ്രമിക്കുകയായിരുന്ന കവിയെ വീൽചെയറില്‍ ഇരുത്തിയാണ് പുരസ്‌കാരം സമർപ്പിക്കാനായി വീടിന്റെ ഉമ്മറത്തേക്ക് കൊണ്ടുവന്നത്. ഹ്രസ്വമായ ചടങ്ങിനു ശേഷം അകത്തേക്കു കൊണ്ടുപോകുകയും ചെയ്തു.