pozhiyoor

പാറശാല : തമിഴ്‌നാടിന്റെ അശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തെ തുടർന്ന് ഭീഷണിയിലായിട്ടുള്ള പൊഴിയൂർ തീരദേശവാസികളെ സംരക്ഷിക്കാൻ അതിർത്തിക്കിപ്പുറത്ത് കേരളാ തീരത്തും പുലിമുട്ട് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലപരിശോധന നടത്തിയ ആർ.ഡി.ഒ ജോൺ വി.സാമുവേൽ അറിയിച്ചു. അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട് സർക്കാർ കടൽത്തീരങ്ങൾ നികത്തി അശാസ്ത്രീയമായി നിർമ്മിച്ചു വരുന്ന പുലിമുട്ട് നിർമ്മാണത്തിനെതിരെ തീരദേശ വാസികളായ മൽത്സ്യത്തൊഴിലാളികൾ കഴിഞ്ഞ കുറെ നാളുകളായി ആശങ്കയിൽ കഴിയുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് പൊഴിയൂർ തെക്കേ കൊല്ലങ്കോട് മേഖലയിൽ കടൽ തീരം കടന്ന് കരയിലേക്ക് കയറിയത്. കടൽ ഭീഷണിക്കെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ കുളത്തൂർ ഗ്രാമപഞ്ചായത്ത് അധികൃതരും മത്സ്യത്തൊഴിലാളികളും ചേർന്ന് സർക്കാരിനും തീരദേശ, റവന്യു അധികൃതർക്കും പരാതികൾ സമർപ്പിച്ചിരുന്നു.സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ആർ.ഡി.ഒയുടെ സന്ദർശനം. പ്രശ്നപരിഹാരത്തിനായി വരും ദിവസങ്ങളിൽ എം.എൽ.എ, എം.പി എന്നിവർ ഉൾപ്പെടെ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി കൂടുതൽ തീരുമാനങ്ങൾ കൈക്കള്ളുമെന്നും സമീപ വാസികൾക്ക് മാറി താമസിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കുമെന്നും ആർ.ഡി.ഒ അറിയിച്ചു. ആർ.ഡി.ഒയുടെ സന്ദർശനം അറിഞ്ഞ് കെ.ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര തഹസീൽദാർ കെ.മോഹൻകുമാർ, ഇറിഗേഷൻ എൻജിനീയർ സുനിൽ,കൊല്ലങ്കോട് ഇടവക വികാരി ഫാ.ഷാജു വില്യം എന്നിവരും സ്ഥലത്തെത്തിയിരുന്നു.