കഴക്കൂട്ടം: കഴക്കൂട്ടം ദേശീയപാതയ്‌ക്ക് സമീപം ബേക്കറി നിർമ്മാണ യൂണിറ്റിൽ തീപിടിത്തം. ഇവിടെ 30 വർഷമായി പ്രവർത്തിക്കുന്ന എം.ജെ. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അമൽ ഫുഡ്സിന്റെ ബേക്കറി യൂണിറ്റിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. കഴക്കൂട്ടം, ചാക്ക, ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. വൈകിട്ട് 5.30ഓടെ ജീവനക്കാർ പുറത്തുപോയതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫാക്ടറിയിലെ ചിപ്‌സ് നിർമ്മാണ യൂണിറ്റിലാണ് ആദ്യം തീപടർന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്ക് തീപിടിക്കാതെ തടഞ്ഞതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. നിർമ്മാണ ഉപകരണങ്ങളും ലക്ഷക്കണക്കിന് രൂപയുടെ ബേക്കറി വിഭവങ്ങളും കത്തിനശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.