സംസ്കാരം ഇന്ന് 3ന് ശാന്തികവാടത്തിൽ
തിരുവനന്തപുരം: മലയാളത്തിലെ വിപ്ളവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളിയും കവിയും ഭാഷാ ഗവേഷകനും അദ്ധ്യാപകനുമായിരുന്ന ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസായിരുന്നു. മലയാളത്തിന് ശ്രേഷ്ഠപദവി നേടിയെടുക്കാനുള്ള യത്നത്തിന് അമരക്കാരനായതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് മഹാപ്രതിഭയുടെ മടക്കം.
ശാസ്തമംഗലം ഇലങ്കം ഗാർഡൻസിൽ മകളുടെ വസതിയിൽ (എഫ് 5, ഗീത്) ഇന്നലെ വൈകിട്ട് 4.50നായിരുന്നു അന്ത്യം. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 3ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് 1928 സെപ്തംബർ 23ന് പോക്കാട്ട് ദാമോദരൻ പിള്ളയുടെയും പുതുശ്ശേരിൽ ജാനകിയമ്മയുടെയും മകനായാണ് ജനനം. മണക്കാട് പ്രൈമറിസ്കൂൾ, വട്ടയ്ക്കാട്ട് ഗവ. യു.പി സ്കൂൾ, വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ, ഭരണിക്കാവ് പോപ്പ് പയസ് ഇലവൻത് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച് സംസ്കൃതം ശാസ്ത്രി, ഇ.എസ്.എൽ.സി പരീക്ഷകൾ പാസായി.
ക്വിറ്റ് ഇന്ത്യ സമരം, പുന്നപ്രവയലാർ പ്രക്ഷോഭം എന്നിവയെ തുടർന്നള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് സ്കൂളുകളിൽ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. കൊല്ലം എസ്.എൻ കോളേജിൽ സമരം ചെയ്തതിന് അറസ്റ്റും ലോക്കപ്പ് വാസവും അനുഭവിച്ചു.
1951-53 കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വള്ളികുന്നം ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1956ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ (ഓണേഴ്സ്) ഒന്നാം റാങ്കോടെ പാസായി. 1957ൽ കൊല്ലം എസ്.എൻ കോളേജിൽ അദ്ധ്യാപകനായി. പിന്നീട് ശിവഗിരി എസ്. എൻ കോളേജിലേക്ക് മാറി. 1969ൽ കേരള സർവകലാശാല മലയാള വിഭാഗത്തിൽ ലക്ചറർ ആയി. 1988ൽ പ്രൊഫസറും പൗരസ്ത്യ ഭാഷാ ഫാക്കൽറ്റി ഡീനും ആയിരിക്കെ വിരമിച്ചു. 1976-80ൽ സിൻഡിക്കേറ്റ് അംഗമായിരുന്നു.
ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ, കണ്ണശ്ശരാമായണം, പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമർശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പരേതയായ ബി.രാജമ്മയാണ് ഭാര്യ. മക്കൾ:ഡോ. ഗീത ആർ.പുതുശ്ശേരി (റിട്ട. പ്രൊഫസർ, എൻ.എസ്.എസ് വനിതാ കോളജ്, കരമന), പി.ആർ.ഉണ്ണികൃഷ്ണൻ (അസി. ജനറൽ മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ,ചെന്നൈ), പി.ആർ. ഹേമചന്ദ്രൻ (യു.എസ്.എ), പി.ആർ.പ്രേമചന്ദ്രൻ (സിവിൽ സപ്ലൈസ്, തിരുവനന്തപുരം) പി.ആർ.ജയചന്ദ്രൻ (റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ, എയർ ഫോഴ്സ് ) പി.ആർ. ശ്യാമചന്ദ്രൻ (കാനഡ). മരുമക്കൾ: ഡോ.കെ.എസ്. രവികുമാർ (പ്രോ-വൈസ് ചാൻസലർ, സംസ്കൃത സർവകലാശാല, കാലടി), കെ.പി.ഗീതാമണി (അസി.ഡയറക്ടർ, കൃഷി വകുപ്പ്) ശ്രീദേവി നായർ (യു.എസ്.എ), ഇന്ദു (കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ), രേഷ്മ ജയചന്ദ്രൻ.