ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് കൊറോണ വാർഡിൽ എയർപോർട്ടിൽ നിന്ന് നിരീക്ഷണത്തിനെത്തിച്ച ഹരിയാന സ്വദേശി നരേഷ് മക്കാർ (55) ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയെങ്കിലും പൊലീസ് തമ്പാനൂരിൽ നിന്ന് പിടിച്ച് തിരികെ കൊണ്ടുവന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് ആംബുലൻസിൽ എത്തിച്ച ഇയാളെ ഡോക്ടർമാർ പരിശോധിച്ച ശേഷം വാർഡിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. അറ്റൻഡർ അത്യാഹിത വിഭാഗത്തിലെത്തി ഐ.പി ബുക്കുമെടുത്ത് ഐസൊലേഷൻ വാർഡിൽ അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ അന്വേഷിച്ച ശേഷം അധികൃതർ പൊലീസിന്റെ സഹായം തേടി. മൊബൈൽ ഫോൺ നമ്പരിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമ്പാനൂരിലുണ്ടെന്ന് മനസിലായി. ലോഡ്ജിൽ മുറിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിൽ ഐസൊലേഷൻ വാർഡിലെത്തിച്ചു.