തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ നടപടികളെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ആളുകൾ പുറത്തിറങ്ങരുതെന്ന സമീപനം സർക്കാരിനില്ല. ബീച്ചുകളും ഷോപ്പിംഗ് മാളുകളും അടയ്ക്കില്ല. പക്ഷേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കളക്ടർ പറഞ്ഞ കാര്യങ്ങൾ തെറ്റിധാരണയുടെ അടിസ്ഥാനത്തിലാണ്. പൊതുയിടങ്ങളിൽ ആളുകൾ എത്തുന്നതിന് വലിയ കുറവ് വന്നിട്ടുണ്ട്. കച്ചവടങ്ങൾ കുറഞ്ഞതോടെ വായ്‌പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വ്യാപാരികൾ നിവേദനം നൽകിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകൾ അടയ്ക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കൊറോണ വൈറസ് ബാധിച്ച ഇറ്റാലിയൻ സ്വദേശി പോയ സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയാതെ വന്നതോടെ ജില്ലയിൽ ആളുകൾ കൂട്ടം കൂടുന്നത് കളക്ടർ വിലക്കിയിരുന്നു. ബീച്ചുകളും മാളുകളും കർശനമായി അടയ്ക്കണമെന്നും ജിംനേഷ്യം ബ്യൂട്ടിപാർലറുകളും അടച്ച് സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടിരുന്നു ഇതാണ് മുഖ്യമന്ത്രി തിരുത്തിയത്.
ഐ.ടി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി
കൊറോണ പടരുന്നതിനാൽ വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന ഐ.ടി പാർക്കുകളിലെ ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുമായി അടുത്ത് ഇടപഴകിയവരും വീടുകളിൽ കഴിയണം. കഴിഞ്ഞ ദിവസം ഐ.ടി സെക്രട്ടറി വിളിച്ചുചേർത്ത ഐ.ടിപാർക്ക് മേധാവികളുടെയും സ്റ്റാർട്ടപ്പുകളുടെയും യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കി.
സർവകലാശാല പരീക്ഷകൾ മാറ്റില്ല
സർവകലാശാലാ പരീക്ഷകൾ കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത സഹകരണ ബാങ്കുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുന്നവരും പോളിംഗ് ഓഫീസർമാരും തമ്മിൽ നിശ്ചിത അകലം പാലിക്കമെന്നും നിർദേശമുണ്ട്. ഇന്നാണ് തിരഞ്ഞെടുപ്പുകൾ പലതും നടക്കുന്നത്. അവസാന നിമിഷമാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. അവസാന നിമിഷം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പ്രായോഗികമല്ല.
ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ് ഇടപെടും
കർശന നിർദശം നൽകിയിട്ടും അത് പാലിക്കാതെ ഉത്സവങ്ങളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ പൊലീസ് ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അടങ്ങിയ ബുക്‌ലെറ്റ് നൽകും.വീടുകളിൽ എത്തുന്നവർക്ക് മുൻ കരുതലെടുക്കാൻ എല്ലാവർക്കും കാണാനാകുന്ന വിധത്തിൽ നോട്ടീസ് പ്രദർശിപ്പിക്കും. നിരീക്ഷണത്തിനായി ജനമൈത്രി പൊലീസിനെയും ഉപയോഗിക്കും.