ramachndran

തിരുവനന്തപുരം : ഒരുപാടു നാളായി അടച്ചിട്ടിരുന്ന വെള്ളയമ്പലം ശ്രീരംഗം ബി ലെയ്‌നിലെ 'പുതുശ്ശേരിൽ രാജഭവനം' എന്ന ഇരുനില വീട്ടിൽ ഇന്നലെ ഇരുട്ടു മൂടിക്കിടക്കുകയായിരുന്നു. പുതുശേരി രാമചന്ദ്രനെന്ന മലയാളത്തിന്റെ പ്രിയകവി 'ആവുന്നത്ര ഉച്ചത്തിൽ' തന്റെ എഴുത്തുജീവിതം ആഘോഷിച്ച ഈ വീട്ടിൽ അദ്ദേഹത്തിന്റെ ജീവിതസമ്പാദ്യമായ പുസ്തകങ്ങളും താളിയോലകളും ആ കരസ്പർശത്തിന് ഒരിക്കൽ കൂടി കൊതിച്ചു .
ഈ വീടിന് വിളിപ്പാടകലെയുള്ള ഇലങ്കം ഗാർഡൻസിൽ മകൾ ഗീത ആർ . പുതുശേരിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാനായെത്തിയ പ്രിയസുഹൃത്തുക്കൾ മണിക്കൂറുകളാണ് കണ്ണീരോടെ അവിടെ ചെലവഴിച്ചത്. വർഷങ്ങളായി അസുഖ ബാധിതനായതോടെയാണ് 'പുതുശേരിൽ വീട്ടിൽ നിന്ന് മകളുടെ വീട്ടിലേക്ക് പുതുശേരി താമസം മാറ്റിയത്. അറുപതിനായിരത്തിലേറെ പുസ്തകങ്ങളും അമൂല്യങ്ങളായ താളിയോലകളും ചേമ്പേടുകളും സൂക്ഷിച്ചിട്ടുള്ള വീടാണ് പുതുശേരിൽ രാജഭവനം .

വിപ്ലവത്തിന്റെ ശബ്‌ദം എക്കാലവും ഉയർത്തിയ കാവ്യങ്ങളുടെ രചയിതാവായിരുന്നു പുതുശേരിയെന്ന് സുഹൃത്തുക്കൾ അനുസ്‌മരിച്ചു. വാർദ്ധക്യത്തിലും വിപ്ലവവീര്യം അദ്ദേഹം കൈവിട്ടിരുന്നില്ല. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയ പുതുശേരിയുടെ ജീവിത വഴികളുടെ അടയാളപ്പെടുത്തലായിരുന്നു 'തിളച്ചമണ്ണിൽ കാൽ നടയായി' എന്ന ആത്മകഥ. ഭരണകൂടം തന്നെ വർഗീയ ഫാസിസത്തിന്റെ വക്താക്കളാകുന്ന കാലത്ത് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് മികച്ച പാഠപുസ്തകമാണ് പുതുശേരിയുടെ ആത്മകഥ എന്നായിരുന്നു പ്രകാശന വേളയിൽ മുഖ്യമന്ത്രി പറഞ്ഞത്. അത് പൂർണ്ണമായും ശരിയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.


മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബിനോയ് വിശ്വം എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ , സാഹിത്യകാരന്മാരായ വി.മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ , നടുവട്ടം ഗോപാലകൃഷ്ണൻ, വിനോദ് വൈശാഖി, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആർ.അനിൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പാലോട് രവി ,ഡി.സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ , ആർകിടെക്ട് ജി.ശങ്കർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.