തിരുവനന്തപുരം: കൊറോണ രോഗം റപ്പോർട്ട് ചെയ്താൽ ഐസൊലേഷന് വധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ദൈനംദിന ജീവിതസഹായം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കണമെന്ന് അറിയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. രോഗം പകരുന്നത് തടയുന്നതിനുള്ള സാധനസാമഗ്രികൾ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ വാങ്ങി നൽകണം. പരിചരണത്തിന് സഹായിയെ ലഭ്യമാക്കേണ്ടിവന്നാൽ ആവശ്യമായ ക്രമീകരണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
മറ്റ് നിർദേശങ്ങൾ
ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ ബോധവത്കരിക്കുന്നതിനായി കുടുംബശ്രീ സംവിധാനം പ്രയോജനപ്പെടുത്തണം
ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവർ ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോകോൾ സംബന്ധിച്ച പരിശീലനം, മാർഗനിർദ്ദേശങ്ങൾ എഴുതി പ്രദർശിപ്പിക്കൽ തുടങ്ങിയ നടപടികളും തദ്ദേശതലത്തിൽ സ്വീകരിക്കണം.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കൽ ലാബുകൾ, കൺസൾട്ടിംഗ് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണം.
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്നവരുടെയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം. അവർക്ക് ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ നൽകുകയും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ രോഗബാധിതർക്ക് ചികിത്സ സത്വരമായി ലഭ്യമാക്കുന്നതിന് ഐസൊലേഷൻ ഉറപ്പാക്കി മരുന്നുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് കുറവ് വരാതെ ശ്രദ്ധിക്കണം.
ആവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/ വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിന് വകുപ്പ് അനുമതി നൽകി.