തിരുവനന്തപുരം: ആരോഗ്യപരമായ കാരണങ്ങളാൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഒരു മാസത്തിനകം വീണ്ടും പൊതു ഇടങ്ങളിൽ സജീവമാകും. ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ഒരുമാസത്തിനുള്ളിൽ പൊതു പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ വി.എസ് വ്യക്തമാക്കി. കൊറോണയെ ചെറുക്കാൻ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. കൂട്ടുചേരലിലും സന്ദർശനങ്ങളിലും മിതത്വവും വ്യക്തി ശുചിത്വവും പാലിക്കണം. ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാമെന്നും വി.എസ് പറഞ്ഞു.