കടയ്ക്കാവൂർ: മാലിന്യത്തെയും വവ്വാലിനെയും ഭയന്ന് കഴിയുകയാണ് ഗാന്ധിമുക്ക് നിവാസികൾ. ഗാന്ധിമുക്ക് യു.ഐ.ടി കോളേജ്, വാട്ടർ അതോറിട്ടി കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്ക് തുടങ്ങിയവയുടെ സമീപം മാലിന്യ നിക്ഷേ കേന്ദ്രമായി മാറിയിരിക്കയാണ്. ഇവ അഴുകി ദുർഗന്ധവും ഇൗച്ചയും പുഴുവും കാരണം സഹികെട്ട് കഴിയുകയാണ് നാട്ടുകാർ.
ഇൗ മാലിന്യത്തിൽ അധികവും കിടപ്പുരോഗികൾ ഉപയോഗിക്കുന്ന മനുഷ്യ വിസർജ്യമടങ്ങിയ നാപ്കിനുകളാണെന്നാണ് നാട്ടുകാർ പറയുന്നത്. യു.ഐ.ടി കോളേജിനടുത്തുള്ള വാട്ടർ ടാങ്കിന് സമീപമുള്ള വൃക്ഷങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ വവ്വാലുകൾ കൂട്ടത്തോടെയെത്തും. വെളുക്കുന്നതുവരെ ഇവയുടെ വിഹാരകേന്ദ്രമാണിവിടം. വവ്വാലുകളുടെ കാഷ്ടം വാട്ടർടാങ്കിലും കോളേജ് കെട്ടിടത്തിലും പരിസരത്തെ വീടുകളിലും വീഴുന്നുണ്ട്. കുടിവെള്ളത്തിൽ വവ്വാലുകളുടെ കാഷ്ടം കലരുന്നുണ്ടോ എന്ന ഭീതിയും ജനങ്ങൾക്കുണ്ട്.
കൊറോണ ഭീതിയുള്ള ഇൗ സമയത്ത് വാട്ടർ ടാങ്കിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കാനും ജനങ്ങൾ ഭയക്കുന്നു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ജലദൗർലഭ്യമുള്ള ഇൗ സമയത്ത് ടാങ്കിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളമാണ് കുടിക്കാൻ പോലും ജനങ്ങൾ ഉപയോഗിക്കുന്നത്. ഇൗ സാഹചര്യം നിലനിൽക്കുമ്പോൾ മറ്റൊരു പകർച്ചവ്യാധിക്ക് ഇടവരുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.