തിരുവനന്തപുരം: അരുവിക്കരയിലെ കുപ്പിവെള്ള പ്ളാന്റ് കിഡ്ക് ഉടൻ ഏറ്റെടുക്കില്ല എന്നതിനാൽ കുറഞ്ഞ ചെലവിൽ കുപ്പിവെള്ളം പുറത്തിറക്കാനുള്ള സർക്കാർ പദ്ധതി ഇനിയും വൈകുമെന്ന് ഉറപ്പായി. വാട്ടർ അതോറിട്ടിയുടെ പ്ളാന്റ് കുപ്പിവള്ള നിർമ്മാണത്തിനായി ജലവിഭവ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപ്പറേഷന് (കിഡ്‌ക്) ഏഴ് വർഷത്തേക്ക് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നടപടികളൊന്നും എങ്ങുമെത്തിയില്ല. മാത്രമല്ല,​ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ട് മതി പ്ളാന്റ് ഏറ്റെടുക്കൽ എന്നാണ് കിഡ്കിന്റെ നിലപാട്.

 സാങ്കേതിക പരിശോധന

പ്ളാന്റ് നിർമ്മിച്ചത് ജലഅതോറിട്ടിയായതിനാൽ കിഡ്കിന്റെ സാങ്കേതിക വിദഗ്ദ്ധരുടെ പരിശോധന ആവശ്യമാണ്. പ്ളാന്റ് കൈമാറാൻ ചർച്ചകൾ നടന്നപ്പോൾ കിഡ്ക് അനൗദ്യോഗിക പരിശോധനകൾ നടത്തിയിരുന്നു. ഡിസൈനിലും മറ്റും അപാകതയുള്ളതായി ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതാണ്​ ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേ‌ർഡ്സിന്റെ അംഗീകാരം ലഭിക്കാത്തതിന് കാരണമെന്നും കി‌ഡ്ക് കരുതുന്നു. വെള്ളം നിറയ്ക്കാനുള്ള കുപ്പികളും പ്ളാന്റിലാണ് ഉത്പാദിപ്പിക്കുക. കുപ്പികളുടെ നിർമ്മാണത്തിനായി ജലഅതോറിട്ടി തയ്യാറാക്കിയ രൂപകല്പനയിൽ സാങ്കേതിക പിഴവുകൾ കിഡ്‌ക് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ പ്ളാന്റും യന്ത്രങ്ങളും പരിഷ്‌കരിക്കണമെന്നാണ് നിലപാട്.

വിവാദങ്ങളിൽ മുങ്ങി

2006ലാണ് പ്ളാന്റ് സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയത്. പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതിനും അതിനുശേഷമുള്ള ഉത്പാദനം, വിപണനം എന്നിവയടക്കമുള്ള നടത്തിപ്പ് കിഡ്ക്കിനെ ഏൽപ്പിക്കാനാണ് ജല അതോറിട്ടി നേരത്തെ തീരുമാനിച്ചിരുന്നത്. തുടക്കത്തിൽ ലാഭത്തിന്റെ 50 ശതമാനം കൈമാറാമെന്നാണ് കിഡ്ക് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അവർ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. ജലഅതോറിട്ടി തീരുമാനിച്ചിരുന്ന 'തെളിനീർ' എന്ന പേര് ഉപയോഗിക്കാനാവില്ലെന്നും പ്ലാന്റിന്റെ നടത്തിപ്പിൽ അതോറിട്ടിയുടെ ഒരു മേൽനോട്ടവും പാടില്ലെന്ന് കിഡ്ക് നിലപാടെടുത്തു.

 ജല അതോറിട്ടിക്ക് ലാഭവിഹിതമില്ല

പദ്ധതിയുടെ മുഴുവൻ തുകയും സർക്കാരിന്റേതാണ്. ജലവിഭവ വകുപ്പിന് നിക്ഷേപമില്ലാത്തതിനാൽ ലാഭവിഹിതം നൽകില്ല. അതേസമയം പ്ളാന്റിന്റെ തറ വാടകയും വെള്ളക്കരവും ജല അതോറിട്ടിക്ക് നൽകും.

 ജല അതോറിട്ടിക്ക് നഷ്ടം 50 ലക്ഷം

പ്ളാന്റിന്റെ പൂ തല ലഭിച്ചിരുന്നെങ്കിൽ ജല വകുപ്പിന് 50 ലക്ഷം പ്രതിമാസം ലാഭം കിട്ടുമായിരുന്നു. എന്നാൽ, പ്ലാന്റ് വിട്ടുകൊടുക്കേണ്ടി വന്നതോടെയുള്ള നഷ്ടം ഇങ്ങനെയാണ്

പ്രതിദിനം 20 മണിക്കൂർ പ്ളാന്റ് പ്രവർത്തിപ്പിച്ചാൽ പ്രതിമാസ വരുമാനം - 80 ലക്ഷം
ജീവനക്കാരുടെ ശമ്പളവും പരസ്യത്തിനുമടക്കം ചെലവ് - 30 ലക്ഷം

ജല അതോറിട്ടിയുടെ പ്രതിമാസ നഷ്ടം - 50 ലക്ഷം

പ്ലാന്റിന്റെ നിർമ്മാണ ചെലവ് -16 കോടി