വക്കം: പരമ്പരാഗത ജൈവ കൃഷിയിൽ നൂറുമേനിയുടെ വിളവുമായി വക്കം സ്വദേശി പ്രദീപ്. പിതാവിൽ നിന്നും പഠിച്ച കൃഷി രീതികൾ ഇന്നും ഇടതടവില്ലാതെ മികച്ചതായി കൊണ്ട് പോവുകയാണ് പാരലൽ കോളേജ് അദ്ധ്യാപകൻ കൂടിയായ വക്കം മേലാർക്കഴികത്ത് വീട്ടിൽ സിനു എന്ന് വിളിക്കുന്ന പ്രദീപ്. കൃഷിയെ തന്റെ ദിനചര്യയായി മാറ്റിയ പ്രദീപിന്റെ രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിൽ ഇല്ലാത്തായി ഒന്നുമില്ല. പടവലം, പാവൽ, വഴുതന, കത്തിരി, വെണ്ട, ചീര അങ്ങനെ നീളുന്നു പച്ചക്കറി കൃഷി. ഇതിനു പുറമേ മത്സ്യ കൃഷിയും, പിന്നെ പശുക്കളും. ഊദ്, കറുവ, കുടംപുളി, പിച്ചിംഗ്, ഫിഗ്, ഞാവൽ അങ്ങനെ നീളുന്നു അപൂർവ വൃക്ഷ ഇനങ്ങളുടെ നിര. ജൈവ പച്ചക്കറി കൃഷിയിൽ സിനുവിന് താത്പര്യം പടവലത്തോടാണ്. ഇതിന് പ്രത്യേക കൃഷിരീതിയും സിനുവിനുണ്ട്. വിത്ത് തയ്യാറാക്കുന്നത് മുതൽ കൃഷി ഇടം തയ്യാറാക്കുന്നത് വരെ തനി പരമ്പരാഗത രീതി. അതുകൊണ്ടു തന്നെ വിളവെടുക്കുമ്പോൾ നല്ല മുഴുപ്പുള്ള പടവലം ഉറപ്പ്. ആറ് കിലോ ഭാരം വരുന്ന പടവലം വരെ കിട്ടിയതായി സിനു പറഞ്ഞു. ഇതിനെല്ലാം വിപണന കേന്ദ്രമായി വക്കത്തെ ജൈവ പച്ചക്കറി വിപണന സംഘവും.പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ നിരവധി കുളങ്ങളും ചാലുകളുമാണ് കൃഷിക്കാവശ്യമായ വെള്ളത്തിനായി ഉപയോഗിക്കുന്നത്. പടവലത്തിന്റെ വിളവെടുപ്പിനു മുൻപായി വക്കം കൃഷിഭവനിൽ നിന്നും ഓഫീസർ അനുചിത്രയും, അസിസ്റ്റന്റ് ഷീലയും പ്രദീപിന്റെ പച്ചക്കറി തോട്ടത്തിലെത്തി ജൈവകൃഷിക്ക് സർക്കാർ നൽകുന്ന സംവിധാനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കിടങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കാം തുടങ്ങി നിരവധി കാര്യങ്ങളിൽ ഇരുവരും ആശയ വിനിമയവും നടത്തി.