vasantha

കുഴിത്തുറ: കളിയിക്കാവിളയ്ക്ക് സമീപം പതിമ്മൂന്നു വയസുകാരനായ ലാൽ മോഹന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും കാമുകനായ മരുമകനും പിടിയിൽ. സംഭവം നടന്ന് നാലു വ‌ർഷങ്ങൾക്കു ശേഷമാണ് ഇവ‌ർ പിടിയിലാകുന്നത്. കളിയിക്കാവിള മലയടി അല്ലച്ചിനാംവിള വീട്ടിൽ വസന്ത ( 49), ഇവരുടെ കാമുകനും മരുമകനുമായ മലയടി ഇരട്ടകുഴിവിള വീട്ടിൽ സുബണൻ (35) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷമാണ് വസന്ത തന്റെ കാമുകനെക്കൊണ്ട് മകളെ കെട്ടിക്കുന്നത്. ഇത് പൊലീസിനെ കൂടുതൽ സംശയത്തിനിടയാക്കി. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കളിയിക്കാവിള, പളുകൽ പൊലീസിന്റെ ഇടപെടൽ മൂലമാണ് പ്രതികളെ പിടികൂടാനായത്. ഇൻസ്‌പെക്ടർ സ്വർണലത, പളുകൽ എസ്.എസ്.ഐ വിൽസൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

2016 ലായിരുന്നു കൊലപാതകം. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ലാൽ മോഹൻ അമ്മയോടെപ്പം കാമുകനെ കണ്ടത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ സുബണൻ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് കുട്ടിയുടെ കഴുത്തിൽ കുരുക്കിയിടുകയായിരുന്നു. മരിക്കുമെന്നു ഉറപ്പായതോടെ വസന്ത മകന്റെ വായിൽ ഗുളിക ഇട്ടു വെള്ളം ഒഴിക്കുകയും ചെയ്തു. തുടർന്ന് മകൻ ഗുളിക കഴിച്ചു അബോധവസ്ഥയിലായെന്നു നാട്ടുകാരെ അറിയിച്ച ശേഷം പാറശാല താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ പ്രാധമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകവേ മരണം സംഭവിക്കുകയായിരുന്നു. മകന്റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു മുൻപ് നാടുവിട്ടുപോയ പിതാവ് തിരിച്ചെത്തുകയും മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. എന്നാൽ കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണെന്നും തൊണ്ടയിൽ ഗുളിക കുടുങ്ങിയ നിലയിലായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. തുടർന്ന് പിതാവ് തമിഴ്നാട് മുഖ്യമന്ത്രിക്കും കന്യാകുമാരി എസ്.പി ഉൾപ്പടെയുള്ള മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംശയത്തിലുണ്ടായിരുന്ന കാമുകനെയും അമ്മയെയും പല ഘട്ടങ്ങളിലായി പൊലീസ്‌ ചോദ്യം ചെയ്തെങ്കിലും കേസിന് തുമ്പുണ്ടായില്ല. ഇതിനിടെ അന്വേഷണം പുരോഗമിക്കവെയാണ് വസന്തയുടെ ആവശ്യപ്രകാരം ഇവരുടെ കാമുകനായ സുബണന് മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയുമുണ്ടായി. തുടർന്ന് മൂന്നര വർഷങ്ങൾക്കു ശേഷം പൊലീസ് ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റം സമ്മതിക്കുന്നത്.