ആറ്റിങ്ങൽ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുന്നതിന് നടപടികളായി. ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞദിവസം നടന്ന ജില്ലാതല യോഗ തീരുമാനം അനുസരിച്ച് ആറ്റിങ്ങൽ ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ യോഗം ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.അതിന്റെ ഭാഗമായി ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിൽ പെട്ട 8 ഗ്രാമപഞ്ചായത്തുകളിലും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി ഞായറാഴ്ച യോഗങ്ങൾ നടന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പഞ്ചായത്ത് തല യോഗങ്ങൾ നടക്കും. ഈ യോഗങ്ങളിൽ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ എന്നിവർക്ക് പുറമേ ആരോഗ്യ പ്രവർത്തകർ എ.ഡി.എസ് - സി.ഡി.എസ് പ്രതിനിധികൾ, ആശാ വർക്കർമാർ എന്നിവരാണ് പങ്കെടുക്കുന്നത്. ചിറയിന്‍കീഴ് 16ന് രാവിലെ 10നും, അഞ്ചുതെങ്ങ് 16ന് ഉച്ചയ്ക്ക് 2നും, അഴൂർ 17ന് രാവിലെ 10നും, കിഴുവിലം 17ന് പകൽ 12നും, മുദാക്കൽ 17ന് ഉച്ചയ്ക്ക് 2നും കടയ്ക്കാവൂർ 17ന് വൈകിട്ട് 4നുമാണ് യോഗം നടക്കുക.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 16ന് രാവിലെ 10.30ന് ചെറുന്നിയൂരിലും 12.30ന് കരവാരത്തും 2.30ന് മണമ്പൂരും 17ന് രാവിലെ 10ന് കിളിമാനൂരും 11ന് നഗരൂരും 2ന് പഴയകുന്നുമ്മേലും 3ന് പുളിമാത്തും 18ന് രാവിലെ 10ന് ഒറ്റൂരും ഉച്ചക്ക് 2ന് ആറ്റിങ്ങൽ നഗരസഭയിലും 3ന് വക്കത്തും യോഗം ചേരും. ബി. സത്യൻ എം.എൽ.എ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജനങ്ങൾക്ക് മാസ്ക് നൽകൽ, ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കൽ തുടങ്ങിയവയാണ് നടന്നത്. ആറ്റിങ്ങൽ നഗരസഭയാണ് നടപടികൾ കർശനമാക്കിയത്. നഗരസഭാ നിർദ്ദേശങ്ങൾ നാട്ടുകാരും സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും അക്ഷരം പ്രതി പാലിക്കുന്നതിൽ ചെയർമാൻ എം. പ്രദീപ് അവരെ അനുമോദിച്ചു.