നെയ്യാറ്റിൻകര: വേനൽ കടുത്തതോടെ ഗ്രാമീണ മേഖലകളിലും നെയ്യാറ്റിൻകര താലൂക്കിന്റെ ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടം തുടങ്ങി. വിവിധ ശുദ്ധജല വിതരണ പദ്ധതികൾ അവതാളത്തിലായതാണ് ഈ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. താലൂക്കിലെ മുഴുവൻ പ്രദേശത്തും വെള്ളമെത്തിക്കാനായി രൂപ കല്പന ചെയ്ത കാളിപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണം ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി ഇതേ വരെ പൂർണമായും കമ്മീഷൻ ചെയ്യാനാകാതെ കുഴയുകയാണ് അധികൃതർ. ഉയർന്ന സമ്മർദ്ദത്തിലുള്ള ജലപ്രവാഹം കാരണം അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലാണ് പ്രധാന തടസം. നെയ്യാറ്റിൻകര തൊഴുക്കൽ വിതരണ ടാങ്കിൽ നിന്നും വരുന്ന കൂറ്റൻ പൈപ്പ് ആശുപത്രി ജംഗ്ഷനിലും ആലുമ്മൂട് ജംഗ്ഷനിലും അടുത്തിടെ തുടർച്ചയായി നിരവധി പ്രാവശ്യം പൊട്ടിയതു കാരണം പദ്ധതിയുടെ ആദ്യ ഘട്ടനിർമാണ പ്രവർത്തനംപോലും പൂർത്തിയാക്കാൻ ജലഅതോറിട്ടിക്കായില്ല. ഗ്രാമീണ മേഖലയിൽ കുളങ്ങൾക്കും ചെറുകിട ജലസ്രോതസുകൾക്കും സമീപം ആരംഭിച്ച ശുദ്ധജല പദ്ധതികളിൽ മിക്കതും പമ്പിംഗ് സ്റ്റേഷനുകളിലെ മോട്ടോറുകൾ കേടാകുന്നതിനാൽ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
പരാജയത്തിന്റെ പ്രവാഹമായി കാളിപ്പാറ പദ്ധതി
നെയ്യാർ ഡാമിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കാളിപ്പാറയിൽ എത്തിച്ച് വിതരണം നടത്താൻ ലക്ഷ്യമിട്ടാണ് പല പദ്ധതികൾ കൂട്ടയോജിപ്പിച്ച് 1995ൽ കാളിപ്പാറ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ജല അതോറിട്ടിയുടെ പ്രോജക്ട് ഡിവിഷനാണ് നിർമാണ ചുമതല. നെയ്യാറ്റിൻകര നഗരസഭ, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, വെള്ളറട, മലയിൻകീഴ്, മലയം, കാട്ടാക്കട, ചെങ്കൽ, കുളത്തൂർ, കാരോട്, പാറശാല പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
കാളിപ്പാറയിലെ കൂറ്റൻ ഓവർ ഹെഡ് ടാങ്കിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിലും നെയ്യാർ ഡാമിൽ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള കൂറ്റൻ പമ്പ് സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം ഇതേ വരെ മാറിയിട്ടില്ല.
സാർക്ക് പദ്ധതി
സംസ്ഥാന സർക്കാരിന്റെ സാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയിലും പതിനൊന്ന് പഞ്ചായത്തുകളിലുമായി കുടിവെള്ളമെത്തിക്കാൻ 136 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതിന് തടസമെന്ന് നാട്ടുകാർ പറയുന്നു.