തിരുവനന്തപുരം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ 24 മണിക്കൂറും സജീവ സാന്നിദ്ധ്യമായി 'കനിവ് 108' ആംബുലൻസുകൾ. ഒൻപത് ജില്ലകളിലായി 43 ആംബുലൻസുകളും 86 ജീവനക്കാരെയുമാണ് വിന്യസിച്ചിരിക്കുന്നത്. '108' ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി കെയർ സർവീസിനാണ് ഏകോപന ചുമതല.
രോഗലക്ഷണമുള്ളവരെയും, രോഗ ബാധിത മേഖലകളിൽ നിന്നെത്തുന്നവരെയും ഐസൊലേഷൻ വാർഡുകളിലേക്കും, ഹോം ഐസൊലേഷനിലേക്കും മാറ്റാനാണ്. ജനുവരി 29 മുതൽ 'കനിവ് 108' രംഗത്തിറങ്ങിയത്.
ഓരോ ട്രിപ്പിന് ശേഷവും ആംബുലൻസുകൾ അണുവിമുക്തമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശീലനവും ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകൾ, പുറം വസ്ത്രം എന്നിവയും
ലഭ്യമാക്കി.
തിരുവനന്തപുരം ടെക്‌നോപാർക്കിലുള്ള 'കനിവ് 108' ആംബുലൻസ് കൺട്രോൾ റൂമിലെ ജീവനക്കാരും 24 മണിക്കൂറും പ്രവർത്തനത്തിലാണ്. കൺട്രോൾ റൂമിലേക്ക് വിളിക്കുന്നവർ നൽകുന്ന വിവരങ്ങളിൽ കൊറോണ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അതാത് ജില്ലകളിലെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കും. ആംബുലൻസ് പൈലറ്റ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എന്നിവരാണ് ആംബുലൻസിലുള്ളത്. ഇതിനകം 250 പേരെ ഐസൊലേഷനിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ നാല് എയർപോർട്ടുകളിലും 108 ആംബുലൻസ് സേവനം ഒരുക്കിയിട്ടുണ്ട്.
ജില്ലകളിൽ
ആംബുലൻസ് :
തിരുവനന്തപുരം- 2, കൊല്ലം -3, എറണാകുളം -16, തൃശൂർ- 6, പാലക്കാട് -4, മലപ്പുറം -4, കോഴിക്കോട് -3, കണ്ണൂർ -3,
കാസർകോട്- 2.