മുടപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഉത്സവകലാകാരന്മാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തിരക്കിട്ട ഉത്സവ പരിപാടികളിലൂടെയാണ് കലാസംഘങ്ങൾ തുടർന്നുള്ള ജീവിതത്തിന് വക തേടുന്നത്. എന്നാൽ ഇക്കുറി ആ പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞു. നാടകം, ബാലെ, നാടൻ പാട്ടുകൾ തുടങ്ങി എല്ലാ സ്റ്റേജ് കലാ പരിപാടികളും തുടർച്ചയായി കാൻസൽ ചെയ്യപ്പെട്ടിരിക്കുകയാണ്. ഘോഷയാത്രകൾ, സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങിയവ ഒഴിവാക്കപ്പെട്ടതോടെ നാദസ്വരം, തെരുവ് നൃത്ത കലാരൂപങ്ങൾ, പ്ലോട്ട്, വിവിധ മേളങ്ങൾ തുടങ്ങിയവയൊക്കെ അവതരിപ്പിക്കുന്ന കലാകാരൻമാർ പ്രതിസന്ധിയിലായി. കൊറോണ ഭീകരത ഒഴിയുമ്പോൾ ഈ പ്രതിസന്ധി അങ്ങനെ മറികടക്കുമെന്ന് അറിയാതെ കുഴയുകയാണ് കലാകാരൻമാർ.
തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള കലാകാരൻമാർ ഉപജീവനത്തിനായി കേരളത്തിലെ ഉത്സവമേഖലയെ ആശ്രയിച്ചു വരുന്നുണ്ട്. ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുൻകാലങ്ങളിൽ നൂറുകണക്കിന് നാദസ്വര കലാകാരന്മാർ അവിടെ ഒത്തുചേരാറുണ്ടായിരുന്നു .ദക്ഷിണേന്ത്യയിലെ നാദസ്വരകലാകാരന്മാരുടെ ഏറ്റവും വലിയ ഒത്തുചേരൽ ആയിരുന്നു ശാർക്കര ഉരുൾ മഹോത്സവം. ഇക്കുറി അതടക്കം മാറ്റിവെക്കപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഈ കലാകാരന്മാരെ സഹായിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് കലാകാരൻമാർ ആവശ്യപ്പെട്ടു.